കണ്ണൂർ :മുൻ കണ്ണൂർഎഡിഎം നവീൻ ബാബുവിന്റെ വേർപാടിന് ഇന്നേക്ക് ഒരുവർഷം പൂർത്തിയാകുന്നു. കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക ക്വാർട്ടേഴ്സിലാണ് നവീൻ ബാബുവിനെ പുലർച്ചെ അഞ്ചു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സമയം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പൊതുരംഗത്ത് സജീവമാകുകയാണ്. ഇന്നു രാവിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ ദിവ്യ അന്തരിച്ച നേതാവ് വയക്കാടി ബാലകൃഷ്ണന് ആദരാഞ്ജലിയർപ്പിച്ചു. നവീൻ ബാബുവിന്റെ മരണം കണ്ണൂർ രാഷ്ട്രീയത്തിൽ മാത്രമല്ല കേരള രാഷ്ട്രീയത്തിൽ തന്നെ വൻ പ്രകമ്പനങ്ങളാണുണ്ടാക്കിയത്. പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ പരസ്യമായി അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൻ്റെ അപമാന ഭാരത്താലാണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കേസിലെ പ്രതിയായി റിമാൻഡ് ചെയ്യപ്പെട്ടതിനാൽ പി.പി ദിവ്യ യ്ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചോഴി യേണ്ടി വസ്തുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ നവീൻ ബാബുവിൻ്റെ മരണത്തിലെ ദുരുഹത നീക്കാൻ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞവർഷം ഈ ദിനം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ യുടെപ്രതികരണം.
നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ധാരാളം ആളുകൾ കൂടെ നിന്നു. ക്രിസ്തീയ സഭകൾ ഒപ്പമുണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ട് പോവുകയാണ്. സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും മഞ്ജുഷ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ മറച്ചു വെച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞാണ് കോടതിയെ നിലവിൽ സമീപിച്ചിട്ടുള്ളത്. പി പി ദിവ്യയുടെ യഥാർത്ഥ ഫോൺ നമ്പറിലെ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചില്ല. നവീൻ ബാബു കളക്ടറെ വിളിച്ച ഫോൺ കോളിന്റെ വിശദാംശവും ശേഖരിച്ചിട്ടില്ല.
നീതി ഇപ്പോഴും വളരെ അകലെയാണെന്നാണ് തോന്നിയിട്ടുള്ളത്. നീതി കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്നും പ്രവീൺ പറഞ്ഞു. കൂടെ നിന്നവർക്ക് മാത്രം നന്ദിയെന്നും കൂടെ നിൽക്കാത്തവരോട് ഒന്നും പറയാനില്ലെന്നുമായിരുന്നു നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയുടെ പ്രതികരണം. കുടുംബത്തെ തമ്മിൽ തെറ്റിക്കാൻ ചില ശ്രമം നടന്നുവെന്നും മകൾ വ്യക്തമാക്കി.
ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.തലശ്ശേരിയിലെ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയും സെഷൻസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഡിസംബർ 16-ന് കേസ് പരിഗണിക്കും.









