കണ്ണൂർ: സി.പി.എം പ്രവർത്തകരുടെ നിരന്തരമായ വേട്ടയാടലിന്റെ ഇരയായിരുന്ന ഇ.ചിത്രലേഖയുടെ മരണത്തിന് ഒരാണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് ചിത്രലേഖ മരിച്ചത്. ചരമ വാർഷിക ദിനത്തിൽ കാട്ടാമ്പള്ളിയിലെ വീട്ടിൽ ഫോട്ടോ അനാഛാദനമുൾപ്പെടെയുള്ള അനുസ്മരണ പരിപാടികൾ നടത്തും. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിലുൾപ്പെടെ പ്രമുഖ സാമൂഹിക, സാംസ്കാരിക, ദളിത് നേതാക്കൾ പങ്കെടുക്കും.
അർബുദ ബാധിതയായിരുന്ന ചിത്രലേഖയ്ക്ക് തലശ്ശേരി കോടിയേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ അവസാന നിമിഷങ്ങളിൽ ചികിൽസ നിഷേധിക്കപ്പെട്ടിരുന്നു. തുടർന് കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ചിത്രലേഖ അവിടെ വെച്ചാണ് മരിച്ചത്. അന്ത്യനാളുകളിൽ പോലും രാഷ്ട്രീയ പകയ്ക്ക് ഇരയാകുകയായിരുന്നു അവർ.
പയ്യന്നൂരിലെ എടാട്ടെ ഓട്ടോറിക്ഷ സ്റ്റാന്റിൽ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്. സി.പി.എം പ്രവർത്തകരുടെ ചെയ്തികൾക്കെതിരെ ചിത്രലേഖ ഒറ്റയാൾ പോരാട്ടം നടത്തി. ഇതോടെ പലവട്ടം അക്രമങ്ങൾക്കിരയായി. ഓട്ടോറിക്ഷ തീവെച്ചു നശിപ്പിക്കപ്പെട്ടു.
ചിത്രലേഖയുടെ ജീവിക്കാൻ വേണ്ടിയുള്ള സമരം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു. എടാട്ട് ഒരു തരത്തിലും ജീവിക്കാനാകാത്ത സാഹചര്യമുണ്ടായപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കാട്ടാമ്പള്ളിയിലെ കുതിരത്തടത്ത് അഞ്ചു സെന്റ് ഭൂമിയനുവദിക്കുന്നത്. ഇത് പിന്നീട് പിണറായി സർക്കാർ റദ്ദാക്കി. ഹൈക്കോടതിയെ സമീപിച്ചാണ് ഈ ഭൂമി തിരികെ പിടിച്ചത്.
ചിത്രലേഖയുടെ മരണശേഷം ഭർത്താവ് എം.ശ്രീഷ്കാന്തിന്റെ കാൽ സി.പി.എം പ്രവർത്തകർ തല്ലിയൊടിച്ചിരുന്നു. മാസങ്ങളായി ചികിൽസയിലാണ്.









