‘ഔദ്യോഗിക ബഹുമതി വേണ്ട; സംസ്‌കാരം ഉമ്മന്‍ ചാണ്ടിയുടെ അന്ത്യാഭിലാഷ പ്രകാരം’ കുടുംബം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

 

 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇക്കാര്യം ജർമനിയില്‍ ചികിത്സക്ക് പോകും മുന്‍പ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിന്‍റെ അന്ത്യാഭിലാഷം ആയിരുന്നു അത്. അതു നിറവേറ്റും. ഇത് കത്തായി സര്‍ക്കാരിന് നല്‍കിയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതല പെടുത്തുകയും ചെയ്തു. എന്നാൽ മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻ ചാണ്ടിയുടെ ഭാര്യ പൊതു ഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചതിനാൽ ഇത് അംഗീകരിക്കുന്നതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12ന് പുതുപ്പള്ളിയിലെ വസതിയിൽ ശുശ്രൂഷ. ഒന്നിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്കു വിലാപ യാത്ര. 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതു ദർശനം. 3.30ന് സമാപന ശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തും. 5ന് അനുശോചന സമ്മേളനം.

Top News from last week.

Latest News

More from this section