ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന് ചേരും. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും.
കശ്മീർ മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. മൂന്ന് ഭീകരർ കൊല്ലപ്പെട്ട ഷോപ്പിയാനിൽ കൂടുതൽ ഭീകര സംഘങ്ങൾ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇന്നലെ നടന്ന സൈന്യത്തിന്റെ ഓപ്പറേഷൻ കെല്ലെറിൽ ദി റസിസ്റ്റൻസ് ഫണ്ടിന്റെ മൂന്ന് ഭീകരരെയാണ് വധിച്ചത്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
പഹൽഗാം ഭീകരക്രമണത്തിൽ പങ്കെടുത്ത ഭീകരർക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്.
അതിനിടെ ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അതിർത്തിഗ്രാമങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ സംഘം തിരച്ചിൽ നടത്തുകയാണ്. സുരക്ഷാസേന റിപ്പോർട്ട് നൽകിയ ശേഷമേ മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ തിരികെ കൊണ്ടുവരികയുള്ളു.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബിലെ അഞ്ച് ജില്ലകളിലെ സ്‌കൂളുകൾ ഇന്ന് തുറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമൃത്സർ, പത്താൻകോട്ട്, ഫാസിൽക, ഫിറോസ്പൂർ, ഗുരുദാസ്പൂർ, തരൺ തരൺ സാഹിബ് എന്നീ ജില്ലകളാണ് പാക്സ്താനുമായി അതിർത്തി പങ്കിടുന്നത്. അതിൽ ഗുരുദാസ്പൂരിലെ സ്‌കൂളുകൾ ഇന്നലെ തുറന്നിരുന്നു.









