തൊഴിൽ രജിസ്ട്രേഷൻ പുതുക്കാൻ അവസരം; അപേക്ഷകർക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്


തൊഴിൽ രജിസ്ട്രേഷൻ പുതുക്കാൻ അവസരം; അപേക്ഷകർക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: തൊഴിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയ ഉദ്യോഗാർഥികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് പുറത്തിറക്കിയ സ.ഉ.(സാധാ) നം.944/2026/LBR ഉത്തരവിലാണ് രജിസ്ട്രേഷൻ പുതുക്കൽ സംബന്ധിച്ച ഇളവുകൾ വ്യക്തമാക്കുന്നത്.
1995 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക്, സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷൻ പുതുക്കുന്നതിനായി 2026 ഏപ്രിൽ 30 വരെ സമയം അനുവദിച്ചതായി ഉത്തരവിൽ പറയുന്നു.
അതേസമയം, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിനായി നേരത്തെ അപേക്ഷ നൽകി ഓഫീസുകളിൽ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ, 2025 ജനുവരി 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിനായി 2026 ഒക്ടോബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
തൊഴിൽ അന്വേഷിക്കുന്ന നിരവധി ഉദ്യോഗാർഥികൾക്ക് സർക്കാർ തീരുമാനം പ്രയോജനപ്പെടും. 2026 സെപ്റ്റംബർ 1-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.







