മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്ന ആരോപണങ്ങൾ ഒന്നൊന്നായി പൊളിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിഎംആർഎൽ കേസ്. ലാവ് ലിൻ കേസ് മുതൽ ആരംഭിച്ചതാണ് പിണറായി വിജയൻ എന്ന വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള കോൺഗ്രസിന്റെയും ഒരു വിഭാഗം മാധ്യമങ്ങലുടെയും നീക്കങ്ങൾ. തന്റെ കൈകൾ ശുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അന്വർത്ഥമാക്കുന്നതാണ് ഉയർന്ന ഒരോ ആരോപണങ്ങളുടെയും ഭാവി.
ഈ പ്രതികരണത്തിന് പിന്നിലെ വേട്ടയാടലിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്…..
ലാവ് ലിൻ കേസ്, സ്വർണക്കടത്ത് കേസ്, സിഎംആർഎൽ കേസ്…. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ്സും ഒരു വിഭാഗം മാധ്യമങ്ങളും ഉയർത്തിയ ആരോപണങ്ങളിൽ പ്രധാനപ്പെട്ടവ. ലാവ് ലിൻ കേസിലൂടെയുള്ള വേട്ടയാടൽ നീണ്ടത് കാൽനൂറ്റാണ്ടാണ്. പരമോന്നത നീതി പീഠം ആരോപണങ്ങളെയെല്ലാം തള്ളിയിട്ടും ആ വേട്ടയാടൽ തുടരുന്നു.
സ്വർണക്കടത്ത് കേസിലൂടെ അവർ ലക്ഷ്യമിട്ടതും മുഖ്യമന്ത്രിയെ. പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ആരോപണമുയർന്നപ്പോൾ ഉടനടി മുഖ്യമന്ത്രി നടപടിയെടുത്തു. എന്നാൽ അത് മുഖ്യമന്ത്രിയിലേക്ക് എത്തിക്കുക എന്നതായിരുന്നു ആവരുടെ ദൗത്യം. അതിന്റെ ഭാഗമായിട്ടാണ് ബിരിയാണി ചെമ്പ് കഥയടക്കം പ്രചരിപ്പിച്ചത്. തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ സ്വർണക്കടത്ത് കേസ് പ്രധാന പ്രചരണ ആയുധമാക്കി കോൺഗ്രസ്. പക്ഷെ ജനം സത്യം തിരിച്ചറിഞ്ഞ് പ്രതികരിച്ചതാണ് നാം തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. മുഖ്യമന്ത്രിയുടെ വീട് എന്ന് പറഞ്ഞ് പ്രചരിപ്പിച്ച ആഢംബര ബംഗ്ലാവ്, മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിൽ സിംഗപ്പൂരിൽ കമല ഇന്റർനാഷണൽ എന്നിവയ്ക്ക് ശേഷം മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുയർത്തിയത് സിഎംആർഎൽ കേസാണ്. മുഖ്യമന്ത്രിയുടെ മകൾ വീണയെ കൂടി ലക്ഷ്യമിട്ട ആരോപണവും വ്യാജ പ്രചാരണവും…. വസ്തുതകളെ കാണാമറയത്ത് നിർത്തി വ്യക്തിപരമായ ആക്രമണം ഇത് മാത്രമായിരുന്നു സിഎംആർഎൽ – എക്സാലോജിക് കേസിന് പിന്നിലും. എന്നാൽ തന്റെ കൈകൾ ശുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ ആ പ്രസ്താവന ശരിവയ്ക്കുന്ന കോടതി വിധി ജനങ്ങളെ എന്താണ് വസ്തുത എന്നത് തുറന്ന് കാട്ടുന്നതാണ്.









