ദില്ലി:സംവാദങ്ങൾക്ക് പകരം അടിച്ചമർത്തൽ നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആരോപിച്ചു. കർഷകരെയും സാമൂഹിക പ്രവർത്തകരെയും ലക്ഷ്യമിട്ട സർക്കാർ ഇപ്പോൾ വിദ്യാർത്ഥികളെയാണ് വേട്ടയാടുന്നതെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയെ തകർത്ത സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ഈ പ്രതിഷേധങ്ങളിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പമുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്നും സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും അദ്ദേഹം എക്സിലൂടെ കുറിച്ചു.
സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്തു. സമരം കണക്കിലെടുത്ത് ദില്ലിയിൽ പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. പാർലമെന്റിലും ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം തുടരുകയാണ്.









