കണ്ണൂര്‍: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റെ പരസ്യ മദ്യപാനത്തില്‍ കേസെടുക്കാത്തതില്‍ വിചിത്ര വിശദീകരണവുമായി തലശ്ശേരി പൊലീസ്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തില്‍ കേസെടുക്കാനാകില്ലെന്ന നിലപാട് ആണ് തലശ്ശേരി പൊലീസ് ആവര്‍ത്തിക്കുന്നത്. സ്വമേധയാ പൊലീസിന് കേസെടുക്കാന്‍ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ പറ്റാതെ കേസ് നില്‍ക്കില്ലെന്നുമാണ് പൊലീസിന്റെ വാദം.
അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി യോഗംചേരും. കൊടി സുനിയുടെ മദ്യപാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിജസ്ഥിതി തേടും. പൊലീസ് കാവലില്‍ മദ്യപിച്ചത് സേനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.
കേസെടുക്കാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് നേരത്തെ സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. വീഴ്ച്ചയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും പി ജയരാജനും പ്രതികരിച്ചു. അതേസമയം, പരോള്‍ ഉള്‍പ്പടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടി പി വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാത്തതെന്ന് എംഎല്‍എ കെ കെ രമ ആരോപിച്ചു.









