പാലക്കാട്: ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. പി.കെ. ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. വി.കെ. ചന്ദ്രനെയും ജില്ല കമ്മറ്റിയിലേക്ക് തരം താഴ്ത്തി. ജില്ല കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. വിഭാഗീയതയുടെ പേരിലാണ് നടപടി. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ തീരുമാനം. ജില്ലയിൽ വിഭാഗീയതക്ക് നേതൃത്വം നൽകിയത് ഇവർ മൂന്നു പേരുമെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പി.കെ. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട് സ്വീകരിക്കും.
കൊല്ലങ്കോട് ഏരിയ കമിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി. 5 പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പാനലിൽ ഉണ്ടായിട്ടും വോട്ടെടുപ്പിൽ തോറ്റു പോയവരാണ് ഇവർ. പുതുനഗരം , കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. വിഭാഗീയതയെ കുറിച്ചു പഠിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.