കണ്ണൂർ : പെരളശ്ശേരി ഗ്രാമപഞ്ചായത്തിനെ സംസ്ഥാനത്തെ ആദ്യ വലിച്ചെറിയൽ മുക്ത പഞ്ചായത്ത് ആക്കി മാറ്റാനുള്ള ആഹ്വാനവുമായി പച്ചപ്പ് ശുചിത്വ ബോധവത്കരണ പദയാത്രയും കലാ ജാഥയും പഞ്ചായത്തിൽ പ്രയാണം തുടരുന്നു. ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് ജാഥ. പുതിയ ഹരിത സംസ്‌കാരത്തിന്റെ വിത്തു വിതയ്ക്കാൻ ഒറ്റത്തവണ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറക്കുക പുനരുപയോഗത്തിന് പറ്റാത്തത് പുനഃചംക്രമണത്തിനായി നൽകുക എന്നിവയാണ് സന്ദേശം. ജില്ലാ ഡവലപ്‌മെൻറ് കമ്മീഷണർ ഡി ആർ മേഘശ്രീ ഉദ്ഘാടനം ചെയ്ത ജാഥ ഡിസംബർ 22ന് സമാപിക്കും.
നാടകം, സംഗീത ശിൽപങ്ങൾ എന്നിവ കോർത്തിണക്കിയാണ് പച്ചപ്പ് വനിത കലാട്രൂപ്പ് കലാജാഥ ഒരുക്കിയത്. ഹരിത പാഠശാല, കുട്ടികളുടെ ഹരിത പോലീസ്, ടോക് ഷോ, ഹരിത വിദ്യാലയം തുടങ്ങിയ പ്രവർത്തനങ്ങുടെ തുടർച്ചയായാണിതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷീബ പറഞ്ഞു. വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ ബീന, കെ കെ സുഗതൻ, ശുചിത്വ കൺവീനർ കെ പി ബാലകൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ബേബിധന്യ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.