ഇന്ത്യക്കെതിരെ വീണ്ടും പാക് പ്രകോപനം: ‘വെള്ളത്തിൽ തൊട്ടാൽ കൈവെട്ടു’മെന്ന് പാക് മന്ത്രി

ദില്ലി: സിന്ധു നദീജല കരാർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ ആഹ്വാനവുമായി പാകിസ്ഥാൻ. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട വെള്ളം തട്ടിയെടുക്കാൻ ശ്രമിച്ചാൽ ആ കൈകൾ വെട്ടിമാറ്റുമെന്നാണ് പാക് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക് ഭീഷണി മുഴക്കിയത്. പാകിസ്ഥാന്‍റെ ജലവിഹിതം ഇന്ത്യ നിയന്ത്രിക്കുകയാണെന്നാണ് ആരോപണം. അയൽരാജ്യത്തെ പ്രധാനമന്ത്രി കാര്യങ്ങൾ നിയന്ത്രിക്കുകയാണെന്നും പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്നാണ് അദ്ദേഹം പറയുന്നതെന്നും മുസാദിക് മാലിക് കുറ്റപ്പെടുത്തി. വെള്ളം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇത് വെറുമൊരു പ്രഖ്യാപനം മാത്രമല്ലെന്നും തങ്ങളുടെ ജലവിഹിതത്തിന് മേൽ ആരെങ്കിലും കൈവെച്ചാൽ ആ കൈകൾ വെട്ടിമാറ്റുമെന്ന് പാകിസ്ഥാൻ തെളിയിച്ചിട്ടുണ്ടെന്നും മുസാദിക് മാലിക് വാർത്താസമ്മേളനത്തിൽ ഭീഷണിപ്പെടുത്തി.

പാകിസ്ഥാനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും 50 ശതമാനം തൊഴിൽ മേഖലയെയും 25 ശതമാനം സമ്പദ്‌വ്യവസ്ഥയെയും പൂർണ്ണമായി നിയന്ത്രിക്കാനാണ് മറ്റൊരാൾ ശ്രമിക്കുന്നതെന്ന് മുസാദിക് മാലിക് ആരോപിച്ചു. കരാറുകൾ ഇല്ലാത്ത ഇടങ്ങളിൽ പോലും അന്താരാഷ്ട്ര കൺവെൻഷനുകളുടെ അടിസ്ഥാനത്തിൽ നദീജലം ഒഴുകാറുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ജലപ്രവാഹം തടയാൻ രാജ്യങ്ങൾക്ക് അവകാശമുണ്ടോ എന്ന് ചോദിച്ചു. വ്യക്തമായ ഒരു കരാർ ഉള്ള സ്ഥിതിക്ക് എങ്ങനെയാണ് വെള്ളം തടയാനാവുകയെന്നും ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത പാക് വിവര സാങ്കേതിക മന്ത്രി അതാവുള്ള തരാറും സിന്ധു നദീ ജല കരാറിനെ പ്രതിരോധിച്ച് രംഗത്തെത്തി. ഈ കരാറിന് നിയമ സാധുതയുണ്ടെന്നും അത് ഏകപക്ഷീയമായി റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമപരമായി പാകിസ്ഥാന്‍റെ നിലപാടിന് അന്താരാഷ്ട്ര പിന്തുണയുണ്ടെന്ന് തരാർ അവകാശപ്പെട്ടു. അടുത്ത ഒന്നര-രണ്ട് വർഷത്തിനുള്ളിൽ സിന്ധു നദിയിലെ ഇന്ത്യയുടെ ജലവിഹിതം പൂർണ്ണമായി ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യക്കായി നിശ്ചയിച്ചിട്ടുള്ള ഒരൊറ്റ തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുക്കില്ലെന്നും കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ഭീഷണി

Top News from last week.