യുഎസ്-ഇറാൻ ചർച്ചകൾക്കായി പാകിസ്ഥാനിൽ കനത്ത സുരക്ഷ, വിദ്യാലയങ്ങളും മാർക്കറ്റുകളും അടച്ചു

പാർലമെൻ്റ്, സുപ്രധാന സർക്കാർ ഓഫീസുകൾ, വിദേശ എംബസികൾ, ലക്ഷ്വറി ഹോട്ടലുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഈ മേഖലയിലൂടെയുള്ള സിവിൽ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തലിനിടയിൽ, ലോകം ഉറ്റുനോക്കുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് നാളെ ഇസ്ലാമാബാദിൽ തുടക്കമാകും. ഏപ്രിൽ 11-ന് ആരംഭിക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി പാകിസ്ഥാൻ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിക്കഴിഞ്ഞു. സുരക്ഷാ സേനകൾ നഗരത്തിലെ പ്രധാന റോഡുകളിലും സർക്കാർ സ്ഥാപനങ്ങളിലും പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.

നഗരത്തിലെ അതീവ സുരക്ഷാ മേഖലയായ ‘റെഡ് സോൺ’ പൂർണ്ണമായും പോലീസിൻ്റെയും സൈന്യത്തിൻ്റെയും നിയന്ത്രണത്തിലാണ്. ഇവിടേക്ക് സാധാരണക്കാരുടെ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർലമെന്റ്, സുപ്രധാന സർക്കാർ ഓഫീസുകൾ, വിദേശ എംബസികൾ, ലക്ഷ്വറി ഹോട്ടലുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഈ മേഖലയിലൂടെയുള്ള സിവിൽ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

നഗരം കോട്ടപോലെ സുരക്ഷിതം

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ പോലീസിനെ വിന്യസിക്കുകയും നിരവധി ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സമാധാന ചർച്ചകൾക്കായി എത്തുന്ന വിദേശ പ്രതിനിധികളുടെ യാത്ര സുഗമമാക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ചർച്ചകൾക്ക് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി 30 അംഗ യുഎസ് മുൻകൂർ സംഘം (Advance team) ഇതിനോടകം തന്നെ ഇസ്ലാമാബാദിലെത്തിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വ്യാഴം, വെള്ളി ദിവസങ്ങളിൽ അധികൃതർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് പരിമിതമായ രീതിയിൽ ജനജീവിതം ദൃശ്യമാകുന്നത്.

വിസ ഓൺ അറൈവൽ സൗകര്യം

ചർച്ചകളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിസ നിയമങ്ങളിൽ പാകിസ്ഥാൻ ഇളവ് പ്രഖ്യാപിച്ചു. പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും വിസ ഓൺ അറൈവൽ (Visa-on-arrival) നൽകാനാണ് തീരുമാനം. പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വിമാനത്താവളങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി പ്രത്യേക ഫെസിലിറ്റേഷൻ ഡെസ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. യുഎസ്-ഇറാൻ ചർച്ചകളെ പിന്തുണയ്ക്കുന്നതിനായി പ്രവേശന നടപടികൾ ലളിതമാക്കിയതായി വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അറിയിച്ചു.

നയതന്ത്ര തലത്തിൽ വലിയ പ്രാധാന്യമുള്ള ഈ ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുമെന്നാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള ഈ നീക്കം വരും ദിവസങ്ങളിലെ ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.

Top News from last week.

Latest News

More from this section