പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തിന് വൻ വരുമാനച്ചോർച്ച; കർണാടകയ്ക്ക് 600 കോടിയുടെ നേട്ടം


പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള കേന്ദ്ര തീരുമാനത്തോടെ കേരളത്തിന്റെ റെയിൽവേ മേഖലയ്ക്ക് കനത്ത സാമ്പത്തിക തിരിച്ചടി. വിഭജനത്തിലൂടെ മൈസൂരു ഡിവിഷന് പ്രതിവർഷം 500 മുതൽ 600 കോടി രൂപ വരെ അനായാസ വരുമാന വർദ്ധനവുണ്ടാകുമ്പോൾ, പാലക്കാട് ഡിവിഷന് വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ വൻ ഇടിവാണുണ്ടാകുന്നത്. ഇതോടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക നിലനിൽപ്പ് തന്നെ കടുത്ത പ്രതിസന്ധിയിലാകും.
പാലക്കാട് ഡിവിഷന്റെ ആകെ വരുമാനത്തിന്റെ 90 ശതമാനവും ലഭിച്ചിരുന്നത് ചരക്കുനീക്കത്തിൽ നിന്നായിരുന്നു. മംഗളൂരു തുറമുഖം വഴി കൽക്കരി, പെട്രോളിയം, വളം എന്നിവ കൊണ്ടുപോകുന്ന പ്രധാന കേന്ദ്രമായ പനമ്പൂർ സ്റ്റേഷൻ നഷ്ടമാകുന്നതാണ് ഡിവിഷന്റെ നട്ടെല്ലൊടിക്കുന്നത്. ഇതിനുപുറമേ ഉള്ളാൾ, മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ എന്നീ സ്റ്റേഷനുകൾ കൂടി മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ കേരളത്തിന്റെ ടിക്കറ്റ് വരുമാനത്തിലും റെയിൽവേ വികസനത്തിലും വൻ തോതിലുള്ള തിരിച്ചടിയുണ്ടാകും.

ട്രെയിനുകളുടെ പൂർണ നിയന്ത്രണം മൈസൂരു ഡിവിഷന് കീഴിലാകുന്നതോടെ മലബാർ മേഖലയിലെ യാത്രാസൗകര്യങ്ങൾ ദുരിതത്തിലാകും. കോഴിക്കോടും കണ്ണൂരും സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കാത്തുനിൽക്കേണ്ടിവരും. എമർജൻസി ടിക്കറ്റ് ക്വാട്ടകൾക്കായി മലബാറിലെ യാത്രക്കാർ ഇനി മൈസൂരുവിനെ ആശ്രയിക്കേണ്ട സാഹചര്യവുമാണ് ഉണ്ടാകുന്നത്.
തിരുവോണ നാളിൽ സത്യഗ്രഹവുമായി യുഡിഎഫ് എംപിമാർ
റെയിൽവേ വിഭജന നീക്കത്തിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണ ദിനത്തിൽ പാലക്കാട് ഡിവിഷൻ ഓഫീസിന് മുന്നിൽ സത്യഗ്രഹ സമരം നടത്തും. കർണാടകയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് വിഭജനത്തിന് പിന്നിലെന്ന് എംപിമാർ ആരോപിച്ചു. വിഭജനത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ വാദം വിശ്വസനീയമല്ലെന്നും തീരുമാനം തിരുത്തും വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.









