Advertisement
Advertisement
Saturday, September 12, 2026
Kerala

പാലത്തായി പീഡനക്കേസ്: കെ. പത്മരാജന്റെ ജീവപര്യന്തം തടവ് ഹൈക്കോടതി മരവിപ്പിച്ചു; ജാമ്യത്തിൽ പുറത്തിറങ്ങും

Advertisement
Advertisement

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബി.ജെ.പി പ്രാദേശിക നേതാവുമായ കെ. പത്മരാജന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. വിചാരണക്കോടതിയുടെ കണ്ടെത്തലുകളിൽ പ്രഥമദൃഷ്ട്യാ പിഴവുകളുണ്ടെന്ന വിലയിരുത്തലോടെയാണ് ഹൈക്കോടതിയുടെ ഈ നടപടി.

Advertisement

ഇരയായ പത്തുവയസ്സുകാരിയുടെ മൊഴികളിൽ പ്രകടമായ വൈരുദ്ധ്യങ്ങളും തിരുത്തലുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. 2020 ജനുവരി-ഫെബ്രുവരി കാലയളവിൽ പാലത്തായിയിലെ സ്കൂളിലും പുറത്തും വെച്ച് കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് കഴിഞ്ഞ വർഷം നവംബറിൽ വിചാരണക്കോടതി പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവും ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം, പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയും ഒത്തുകളിയും കാരണമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് ആരോപിച്ചു. എൽ.ഡി.എഫ് സർക്കാർ കൃത്യമായ ഇടപെടലിലൂടെയാണ് വിചാരണക്കോടതിയിൽ നിന്ന് ശിക്ഷ വാങ്ങി നൽകിയതെന്നും, പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement