തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോൺഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസർക്കാർ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോൺ സംഭാഷണം. കോൺഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നും ഫോൺ സംഭാഷണത്തിൽ രവി പറഞ്ഞിരുന്നു. രവിയുമായി ഫോണിൽ സംസാരിച്ച ജലീലിനെയും പുറത്താക്കി. എഐസിസി നിർദേശപ്രകാരമാണ് കെപിസിസി രവിയോട് രാജി ആവശ്യപ്പെട്ടത്.
പകരം ചുമതല ആർക്കും ചുമതല നൽകിയില്ല. പാലോട് രവി സമർപ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ടതിനാൽ വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.









