തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതുവത്സരം. പഞ്ഞക്കർക്കിടകത്തിന്റെ ദാരിദ്രത്തിന് വിട പറഞ്ഞുകൊണ്ട് പൊന്നിൻ ചിങ്ങം പുലർന്നിരിക്കുകയാണ്. ചിങ്ങ മാസം മലയാളികൾക്ക് വെറുമൊരു മാസമല്ല, പത്ത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഓണത്തിന് വേണ്ടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയാണ്. ചിങ്ങ മാസത്തിന് പ്രത്യേകതകൾ ഏറെയാണ്. പഞ്ഞമാസമായ കർക്കിടകത്തിലെ മഴയും പട്ടിണിയും കൊണ്ട് വലഞ്ഞ നമ്മുടെ മുൻ തലമുറയിലെ ആളുകളുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഇളവെയിലടിച്ചുകൊണ്ടായിരുന്നു ചിങ്ങപ്പുലരി പിറന്നിരുന്നത്.
അത്തം മുതൽ പത്ത് ദിവസങ്ങൾക്കായുള്ള ഒരുക്കം ഇന്നുമുതൽ ഓരോ മലയാളികളുടെ വീടുകളിലും ആരംഭിക്കും. ഉപ്പേരി വറക്കുന്നതിന്റെ ശർക്കര വരട്ടിയുടെ പല പല കറികളുടെ മണം ഓരോ വീട്ടിൽ നിന്നായി പതിയെ തലപൊക്കാൻ തുടങ്ങും. ഇനി ആഘോഷത്തിന്റെ മാസമാണ്. ഓണത്തിന് പത്ത് ദിവസം എങ്ങനെ പൂക്കളമൊരുക്കണം, ഏത് നിറത്തിലുള്ള ഉടുപ്പ് വാങ്ങണം, സദ്യയിൽ ഏതൊക്കെ വിഭവങ്ങൾ ഉൾപ്പെടുത്തണം തുടങ്ങി പലവിധ ചിന്തകൾ ഇനിയാണ് തുടങ്ങുക.
ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. കൊയ്ത്താണ് ചിങ്ങമാസത്തിലെ മറ്റൊരു പ്രത്യേകത. നെൽപ്പാടങ്ങളാൽ സമൃദ്ധമായിരുന്ന കേരളത്തിൽ കൊയ്ത്ത് ഒരു ഉത്സവം തന്നെയായിരുന്നു. പാടത്ത് വിളഞ്ഞ നെല്ല് കൊയ്ത്, കറ്റകളാക്കി, അത് മെതിച്ച്, പുഴുങ്ങി, കുത്തി അരിയാക്കുന്ന പ്രക്രിയ ഒരു നാടിന്റെ മുഴുവൻ ആഘോഷമായിരുന്നു.









