കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യവുമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ കുടുംബങ്ങള്‍ പരാതി നല്‍കും. പോലീസ് കമ്മിഷണര്‍ക്കും ഉത്തരമേഖല ഡി.ഐ.ജി.ക്കുമാണ് ശനിയാഴ്ച പരാതി നല്‍കുക.
കേസിലെ മൂന്നുമുതല്‍ ഏഴുവരെയുള്ള പ്രതികളായ ചെണ്ടയാട് പാടാന്‍താഴെ ഉറവുള്ളക്കണ്ടിയില്‍ അരുണ്‍ (28), അടുപ്പ് കൂട്ടിയപറമ്പത്ത് സബിന്‍ലാല്‍ (25), കുന്നോത്തുപറമ്പ് കിഴക്കയില്‍ കെ.അതുല്‍ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മല്‍ സി.സായുജ് (24), കുന്നോത്ത് പറമ്പില്‍ അമല്‍ ബാബു (29) എന്നിവരുടെ കുടുംബങ്ങളാണ് അഭിഭാഷകനായ കെ. പ്രത്യു മുഖാന്തരം പരാതി നല്‍കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രീയ ചായ്‌വുണ്ടെന്നും നിരപരാധികളെ പ്രതികളാക്കിയെന്നും കുടുംബം ആരോപിക്കുന്നു. പോലീസിനുമേല്‍ സമ്മര്‍ദമുണ്ട്. അറസ്റ്റുചെയ്ത പ്രതികളെ കളവായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനും സാധ്യതകൂടുതലാണ്. പോലീസിന്റെ അന്വേഷണം ശരിയല്ല. നീതിയുക്തമായ അന്വേഷണമല്ല നടക്കുന്നതെന്ന് ബോധ്യമുള്ളതുകൊണ്ടാണ് പരാതി നല്‍കുന്നതെന്നും അഡ്വ. കെ. പ്രത്യു പറഞ്ഞു.