ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന്‍ പരിയാരത്ത്!

പരിയാരം: ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന്‍ പരിയാരത്തോ? അല്‍ഭുതപ്പെടേണ്ട, പരിയാരത്തും ഒരു ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനുണ്ട്. ആരോഗ്യവകുപ്പിന് വലിയ വരുമാനം നേടിക്കൊടുക്കുകയാണ് ഈ പോലീസ് സ്‌റ്റേഷന്‍. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ സ്‌റ്റേഷനായി പ്രവര്‍ത്തിച്ച കെട്ടിടം കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞതോടെയാണ് വലിയ വരുമാനമാര്‍ഗമായി മാറിയത്. വിവിധ സിനിമകളുടെ ഷൂട്ടിങ്ങിനായിട്ടാണ് ഇപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ ഉപയോഗിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ശരിയായ പോലീസ് സ്‌റ്റേഷനുകളൊന്നും ഇപ്പോള്‍ സിനിമാ ഷൂട്ടിങ്ങിനായി നല്‍കുന്നില്ല. 2018 ല്‍ റിലീസായ ലാല്‍ജോസിന്റെ തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന സിനിമ പരിയാരം പോലീസ് സ്‌റ്റേഷനില്‍ ചിത്രീകരിച്ചിരുന്നു. ഇത് വലിയതോതില്‍ വിമര്‍ശനത്തിന് ഇടയാക്കുകയും ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി പോകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനുകള്‍ സിനിമാ ചിത്രീകരണത്തിനായി നല്‍കേണ്ടതില്ലെന്ന് ഉത്തരവ് വന്നത്. അതിനുശേഷം സെറ്റുകളിട്ടായിരുന്നു പോലീസ് സ്‌റ്റേഷന്‍ ചിത്രീകരണം നടന്നിരുന്നത്. പരിയാരത്ത് പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ പഴയ സ്റ്റേഷന്‍ ഒഴിഞ്ഞുകൊടുത്തിരുന്നു. സെറ്റിടാതെ സിനിമ ചിത്രീകരിക്കാമെന്നതിനാല്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഇവിടെ എത്തുന്നുണ്ട്. നേരത്തെ ആശുപത്രി വികസനസമിതി പ്രതിദിനം 10,000 രൂപയാണ് ചിത്രീകരണത്തിന് ഈടാക്കിയിരുന്നെതെങ്കില്‍ ഇപ്പോള്‍ ആരോഗ്യവകുപ്പ് നേരിട്ടുതന്നെയാണ് ദിവസേന 15,000 രൂപ വാടകക്ക് പോലീസ് സ്‌റ്റേഷന്‍ സിനിമാ ഷൂട്ടിങ്ങിനായി നല്‍കുന്നത്. അടുത്തദിവസം ചിത്രീകരിക്കുന്ന പുതിയ സിനിമക്ക് വേണ്ടിയാണ് കലാസംവിധായകന്‍ ഇത് ഒറ്റപ്പാലം സ്‌റ്റേഷനാക്കി മാറ്റിയത്.

Top News from last week.