പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു

പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്റ്. ലോക്‌സഭയും രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് രണ്ട് മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ രാവിലെ പാര്‍ലമെന്റ് കവാടത്തിലും എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ജഗദീപ് ധന്‍കറിന്റെ രാജിയില്‍ ദുരൂഹത തുടരുന്നതിനിടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം ഉപരാഷ്ട്രപതി ജ?ഗ്ദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങള്‍ മാത്രമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമാകാത്തത് രാജിയിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജസ്റ്റിസ് വര്‍മ്മയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം കേന്ദ്രം തയ്യാറാക്കുകയും പ്രതിപക്ഷ എംപിമാരില്‍ നിന്ന് ഒപ്പുകള്‍ വാങ്ങുകയും ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ ധന്‍കര്‍ പ്രതിപക്ഷ എംപിമാരുടെ പ്രമേയം സര്‍ക്കാരിനെ അറിയിക്കാതെ അംഗീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് ബിജെപിയിലും കേന്ദ്ര സര്‍ക്കാറിലും വൈസ് പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Top News from last week.