ജനപ്രതിനിധികളുടെ വികസന വിരോധം കണ്ണൂരിനെ ശ്വാസം മുട്ടിക്കുന്നു; മേൽപാലങ്ങളെ ബന്ധിപ്പിക്കാൻ പുതിയ പദ്ധതി വേണമെന്ന് ടി.സി. താഹ

കണ്ണൂർ: കണ്ണൂർ നഗരത്തിലും മേലെ ചൊവ്വയിലും അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിൽ ജനപ്രതിനിധികൾ പരാജയപ്പെടുന്നതായി ആക്ഷേപം. നഗരത്തിലെ നിലവിലുള്ള മേൽപാലങ്ങളെ തമ്മിൽ കൂട്ടിയിണക്കിക്കൊണ്ട് ‘കണക്റ്റിവിറ്റി ഫ്ലൈഓവർ’ പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് മുൻ നഗരസഭാ കൗൺസിലർ ടി.സി. താഹ ആവശ്യപ്പെട്ടു. വികസന കാര്യങ്ങളിൽ പ്രാദേശിക എം.എൽ.എയുടേത് വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വിമർശിച്ചു.

കഴിഞ്ഞ ദിവസം മണിക്കൂറുകളോളം മേലെ ചൊവ്വയിലുണ്ടായ ഗതാഗതസ്തംഭനത്തിൽ മൂന്ന് ആംബുലൻസുകൾ വരെ കുടുങ്ങിയ സംഭവം നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങളുടെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മെട്രോ നഗരങ്ങളിൽ പോലും നൂറുകണക്കിന് മേൽപാലങ്ങളുണ്ടായിട്ടും ഗതാഗതം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ, ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടാൻ ഒട്ടും സാധ്യതയില്ലാത്ത കണ്ണൂരിൽ ഫ്ലൈഓവറുകൾ മാത്രമാണ് ഏക ശാശ്വത പരിഹാരം.
വലിയ ആശുപത്രികളും ഫ്ലാറ്റുകളും വിദ്യാലയങ്ങളും ചൊവ്വ അമ്പലവും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ മേലെ ചൊവ്വയും പരിസരവും അതിവേഗം വളരുകയാണ്. കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ ഈ മേഖലയിലെ ഗതാഗതം പൂർണ്ണമായും നിശ്ചലമാകും.

വിഭാവനം ചെയ്യുന്ന ഫ്ലൈഓവർ റൂട്ട്

താഴെ ചൊവ്വയിൽ നിന്നും വരുന്നവർക്ക് കണ്ണൂരിലേക്ക് പോകാൻ നിലവിലെ മേൽപാലവും, പുതിയതെരു ഭാഗത്തേക്ക് പോകേണ്ടവർക്ക് താണയിൽ നിന്നും തക്കിബസാർ വരെയുള്ള പുതിയ ഫ്ലൈഓവറും ഉപയോഗിക്കാൻ സാധിക്കണം. ഈ രീതിയിൽ നിലവിലെ മേൽപാലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മാസ്റ്റർ പ്ലാനാണ് ആവശ്യമെന്ന് താഹ ചൂണ്ടിക്കാട്ടുന്നു.

 

വ്യാപാരികൾക്ക് ആശങ്ക വേണ്ട

ഫ്ലൈഓവർ വരുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന വ്യാപാരികളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയം ലാഭിക്കാനും ജനസാന്ദ്രത വർദ്ധിക്കാനും ഇടയാക്കും. ഇത് വ്യാപാരികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും കൂടുതൽ മെച്ചപ്പെട്ട വരുമാന സാധ്യതകളാണ് ഒരുക്കുക.
വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്ന നിലപാടുകളിൽ നിന്നും എം.എൽ.എ പിന്മാറണമെന്നും, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് നാടിന്റെ ഭാവിക്കായി ജനപ്രതിനിധികൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section