പേരൂർക്കട വ്യാജ മോഷണക്കേസ്; ബിന്ദുവിന് പുതിയ ജോലി, അവസരമൊരുക്കി എംജിഎം പൊൻമുടി വാലി പബ്ലിക് സ്‌കൂൾ

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ കുറ്റമാരോപിച്ച് അന്യായമായി തടവിൽ വെച്ച ബിന്ദു സ്‌കൂളിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ചു. എംജിഎം പൊൻമുടി വാലി പബ്ലിക് സ്‌കൂളിലാണ് ബിന്ദു ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. ജോലി കിട്ടിയതിൽ സന്തോഷമെന്ന് ബിന്ദു പ്രതികരിച്ചു. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമെന്നാണ് ബിന്ദുവിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിൻറെ ന്യൂസ് അവറിൽ പരിപാടിയിലാണ് ബിന്ദു താൻ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്. തുടർന്ന് എംജിഎം സ്‌കൂൾ അധികൃതർ ബിന്ദുവിന് ജോലി നൽകുമെന്ന് അറിയിച്ചു. ബിന്ദുവിന് എംജിഎം സ്‌കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ആണ് പറഞ്ഞത്. മാനേജ്‌മെന്റ് പ്രതിനിധികൾ ബിന്ദുവിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.

കേസിൽ വഴിത്തിരിവ്

പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ സെപ്റ്റംബർ 10നാണ് വൻ വഴിത്തിരിവ് ഉണ്ടാകുന്നത്. വീട്ടുജോലിക്കാരി ബിന്ദുവിനെ പ്രതിയാക്കാൻ പൊലീസ് തിരക്കഥയുണ്ടാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പരാതിക്കാരിയായ ഓമന ഡാനിയലിൻറെ വീട്ടിനുള്ളിൽ നിന്ന് സ്വർണ്ണം കിട്ടിയിട്ടും ബിന്ദുവിനെ കുടുക്കാൻ ശ്രമിച്ചെന്നാണ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻറെ അന്വേഷണത്തിലെ കണ്ടെത്തൽ. വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് സ്വർണ്ണം കിട്ടിയെന്ന് പറയാൻ പരാതിക്കാരിയോട് പൊലീസ് ആവശ്യപ്പെട്ടെന്ന നിർണ്ണായക കണ്ടെത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
സംഭവത്തിൽ ബിന്ദുവിനെ അന്യായമായി കസ്റ്റഡിലെടുത്ത എസ്‌ഐ പ്രസാദ്, ഗ്രേഡ് എസ്‌ഐ പ്രസന്നൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എസ്.എച്ച്.ഒ ശിവകുമാർ, കള്ളപ്പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയൽ പേരൂർക്കട സ്റ്റേഷനിൽ ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിരിക്കുന്നത്. ഓമന ഡാനിയലിൻറെ വീട്ടിൽ ജോലിക്കുനിന്ന ബിന്ദുവിനെതിരെ മോഷണകുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡയിൽ വെച്ചത്. ഉദ്യോഗസ്ഥർക്കെതിരായ നടപടി, ബിന്ദുവിനുള്ള നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. ബിന്ദു നൽകിയ പരാതിയിലാണ് കമ്മീഷൻ തിരുവനന്തപുരം ജില്ലക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

Top News from last week.

Latest News

More from this section