ഇന്ത്യ എപ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ടെന്നും ഇതിൽ പുതിയതായി ഒന്നുമില്ലെന്നും നിലപാട് വ്യക്തമാക്കി മോസ്കോ

ഇന്ത്യയ്ക്ക് ഇഷ്ടമുള്ള ഏത് രാജ്യത്തുനിന്നും അസംസ്കൃത എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ പുതിയ സ്രോതസ്സുകൾ കണ്ടെത്തുന്നത് മോസ്കോയ്ക്ക് എതിരല്ലെന്നും അത് സ്വാഭാവികമായ നടപടി മാത്രമാണെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് ബുധനാഴ്ച പറഞ്ഞു.

റഷ്യ ഒരിക്കലും ഇന്ത്യയുടെ ഏക ഊർജ്ജ പങ്കാളിയായിരുന്നില്ലെന്നും അതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സഹകരണം തുടരുമെന്ന് റഷ്യ

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നും ഇത് ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാറോവ പറഞ്ഞു.

ഇന്ത്യൻ പങ്കാളികളുമായുള്ള അടുത്ത സഹകരണം തുടരാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണ കുറയ്ക്കാൻ ഇന്ത്യ തയ്യാറായേക്കും എന്ന വാർത്തകൾക്കിടയിലും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ റഷ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ട്രംപിൻ്റെ അവകാശവാദങ്ങൾ

അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും ഉപേക്ഷിക്കുമെന്നാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അവകാശപ്പെട്ടത്. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ല.

ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് റഷ്യയുടെ നിരീക്ഷണം. റഷ്യൻ എണ്ണയ്ക്ക് പകരമായി വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ റഷ്യൻ വിദഗ്ധർ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

ആഗോളതലത്തിൽ എണ്ണവില നിയന്ത്രിക്കുന്നതിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ അമേരിക്കൻ ഉപരോധങ്ങളും ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളും ഇന്ത്യയെ പുതിയ തീരുമാനങ്ങളിലേക്ക് നയിക്കുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഏതായാലും ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തെ മാനിക്കുന്നുവെന്ന സന്ദേശമാണ് മോസ്കോ നൽകുന്നത്.

Top News from last week.

Latest News

More from this section