വാഷിംഗ്‌ടൺ: വിനോദ സഞ്ചാരിയായി ആദ്യം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകാന്‍ സംരംഭകനും പൈലറ്റുമായ ഗോപി തോട്ടക്കുറ. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനിന്റെ എന്‍എസ്25 ദൗത്യ സംഘത്തിലെ ആറ് പേരില്‍ ഒരാള്‍ ഇദ്ദേഹമാണ്.
1984 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്, ആന്ധ്ര സ്വദേശിയായ ഗോപി തോട്ടക്കുറ. എന്നാല്‍ ബഹിരാകാശ യാത്ര എപ്പോഴാണെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല.
ബ്ലൂ ഒറിജിന്‍ പറയുന്നതനുസരിച്ച് ഗോപി തോട്ടക്കുറ ഒരു പൈലറ്റും ഏവിയേറ്ററുമാണ്.’ ഹോളിസ്റ്റിക് വെല്‍നസ് ആന്‍ഡ് അപ്ലൈഡ് ഹെല്‍ത്തിന്റെ ആഗോള കേന്ദ്രമായ പ്രിസര്‍വ് ലൈഫ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനാണ്.
വ്യാവസായിക ജെറ്റുകള്‍ പറത്തുന്നതിനു പുറമേ, ബുഷ്, എയറോബാറ്റിക്, സീപ്ലെയിനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയും അദ്ദേഹം നിയന്ത്രിക്കുന്നു, കൂടാതെ ഒരു അന്താരാഷ്ട്ര മെഡിക്കല്‍ ജെറ്റ് പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ജനിച്ച തോട്ടക്കൂറ എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ സര്‍വകലാശാലയിലെ ബിരുദധാരിയാണ്.
യാത്രയില്‍ ബ്ലൂ ഒറിജിന്‍ ഫൗണ്ടേഷനായ ക്ലബ് ഫോര്‍ ദ ഫ്യൂച്ചറിന് വേണ്ടി ഓരോ ബഹിരാകാശയാത്രികനും ഒരു പോസ്റ്റ്കാര്‍ഡ് ബഹിരാകാശത്തേക്ക് കൊണ്ടുപോകും.