കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരും ബിജെപിയുമായി ഡീല്‍ ഉണ്ടായിരുന്നു എന്ന് തളിപ്പറമ്പില്‍ നിന്ന് വിജയിച്ച ടി കെ ഗോവിന്ദന്‍ എംഎല്‍എ. വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എക്ക് ഒപ്പം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിയുടെ ഉത്തരവാദിത്തം കൈയൊഴിഞ്ഞ് ജില്ലാ കമ്മിറ്റിയുടെ തലയിലിടാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം ഇതാണ് കാണിക്കുന്നത്. പയ്യന്നൂരും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാ നേതൃത്വത്തിന് തെറ്റ്പറ്റി എന്നാണ് പറഞ്ഞത്. എന്നാല്‍ ജില്ലാ സെക്രട്ടറിയറ്റിലും ജില്ലാ കമ്മിറ്റിയിലും മഹാ ഭൂരിപക്ഷം അംഗങ്ങളും നിര്‍ദേശത്തെ എതിര്‍ത്തുവെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിലുള്ളവരും ഈ യോഗങ്ങളില്‍ പങ്കെടുത്ത് ഈ വിയോജിപ്പുകള്‍ കേട്ടതാണ്. ജില്ലാ കമ്മിറ്റി തെറ്റായ തീരുമാനം എടുത്താല്‍ അത് പരിശോധിച്ച് ആവശ്യമെങ്കില്‍ തിരുത്താനുളള ചുമതല സംസ്ഥാന കമ്മിറ്റിക്ക് ഉണ്ട്. എന്തേ മാറ്റിയില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നാല്‍ ഘടകങ്ങളില്‍ അംഗങ്ങള്‍ക്ക് അഭിപ്രായം തുറന്ന് പറയാന്‍ അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം ഒരു വിലയും കല്‍പ്പിക്കുന്നില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പാര്‍ട്ടിയായി സിപിഎം മാറി. ഇത് പാര്‍ട്ടിയെ ഏകാധിപത്യത്തിലേക്കും സ്വേഛാധിപത്യത്തിലേക്കുമാണ് നയിക്കുന്നത്. തിരുവായ്ക്ക് എതിര്‍വയില്ല എന്ന നിലയാണ് ഇപ്പോള്‍.
കേരളത്തിലാകെ ഉണ്ടായ തോല്‍വി സംബന്ധിച്ച് സത്യസന്ധമായ വിലയിരുത്തലാണ് സിപിഎം നടത്തേണ്ടിയിരുന്നത്. അത് നടന്നില്ല എന്നാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്മതിയ വാര്‍ത്താസമ്മേളനം തെളിയിക്കുന്നത്.
തെറ്റ് തിരുത്താനുള്ള ഒരു ശ്രമവും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്നാണ് ഈ പ്രതികരണങ്ങളെല്ലാം കാണിക്കുന്നത്. ഫലം വന്നതുമുതലുള്ള നേതാക്കളുടെ പ്രതികരണങ്ങളും പ്രസ്താവനകളും ഇത് വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായം കേള്‍ക്കാന്‍ കൂട്ടാക്കാത്ത നേതൃത്വം പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുമെന്ന് പറയുന്നത് തമാശയാണ് എന്നും ഇരുവരും പറഞ്ഞു.









