തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ നാളെ 9 വർഷം പൂർത്തിയാക്കും. ഏറ്റവും കൂടുതൽ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയിൽ ഇരുന്ന രണ്ടാമത്തെ നേതാവെന്നുൾപ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂർത്തിയാക്കുന്നത്.
ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസം പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. പിന്നീട് മാധ്യമങ്ങൾ ഉൾപ്പെടെ പിറന്നാൾ ദിനം ചർച്ചയാക്കുമ്പോഴും ആഘോഷങ്ങളില്ലാതെയാണ് ജന്മദിനം കടന്നുപോകാറുള്ളത്.
കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയൻ ജനിച്ചത്. ശാരദാ വിലാസം എൽപി സ്‌കൂളിലും പെരളശ്ശേരി ഗവ. ഹൈസ്‌കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോൾ കേരള സ്റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1964 ൽ കെഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമായി. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് യുവജന പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസൈ്വഎഫ് സംസ്ഥാന പ്രസിഡന്റായി. 1967 ൽ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്റ്റംബർ 25ന് പാർട്ടി സെക്രട്ടറിയായി. പിന്നീടുള്ള കാൽനൂറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ എന്ന പേര് മാറ്റിവയക്കാൻ കഴിയാത്ത ഒന്നായി മാറി. കർക്കശക്കാരനായ പാർട്ടി സെക്രട്ടറിയിൽ നിന്നും ജനകീയനായ മുഖ്യമന്ത്രിയിലേക്ക് പിണറായി സഞ്ചരിച്ച 9 വർഷങ്ങൾ കൂടിയാണ് ജന്മദിനത്തിൽ പൂർത്തിയാക്കുന്നത്.






