പിണറായിയുടെ അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനികൾ വഴി: ഷോൺ ജോർജ്


കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് പറയാൻ വീണ തയ്യാറായിട്ടില്ലെന്നും കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. താൻ ഇ.ഡിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും വാർത്തകളിലൂടെയാണ് കാര്യങ്ങൾ അറിയുന്നതെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഹവാല മാർഗ്ഗം പണം കടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും, ഇത് കേവലം സാമ്പത്തിക കുറ്റകൃത്യമല്ല, ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ഇപ്പോൾ നടക്കുന്നത് വീണ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണമാണെന്നും കൂട്ടിച്ചേർത്തു. ഒരു സേവനവും നൽകാതെ മകൾക്ക് കോടികൾ നൽകിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് മുൻപ് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്നും, ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.









