പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ നിയമതടസ്സമില്ലെന്ന കേന്ദ്ര സർക്കാരിന്റെ പാർലമെന്ററി വിശദീകരണത്തിന് പിന്നാലെ, യുഡിഎഫിനെതിരെ കടുത്ത പരിഹാസവുമായി മുതിർന്ന സിപിഎം നേതാവ് എം.ബി. രാജേഷ്. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ മറ്റ് തിരിച്ചടികളൊന്നുമുണ്ടാകില്ലെന്ന് യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങൾക്ക് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയതോടെ, ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വാദങ്ങളുടെ മുനയൊടിഞ്ഞതായി എം.ബി. രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പദ്ധതി ഒപ്പുവെച്ചതുകൊണ്ട് ഇനി തിരികെ പോകാനാകില്ലെന്നും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രചാരണം. എന്നാൽ ജെബി മേത്തർ, അബ്ദുൾ വഹാബ് എന്നീ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, കേരളത്തിന് ലഭിച്ചത് സമഗ്ര ശിക്ഷാ പദ്ധതിയുടെ തുകയാണെന്നും സ്കൂളുകളുടെ പട്ടിക സംസ്ഥാനം കൈമാറിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിയിൽ നിന്നും പിന്മാറിയാൽ അതിന്റെ ആനുകൂല്യം മാത്രമേ നഷ്ടമാകൂ എന്നും കേന്ദ്രം അറിയിച്ചു. സത്യം പുറത്തുകൊണ്ടുവന്ന എംപിമാർക്ക് ‘ഒരു ലോഡ് അഭിനന്ദനങ്ങൾ’ നേർന്ന അദ്ദേഹം, ലീഗിന്റെ മുന്നിൽ ഇപ്പോൾ രണ്ടു വഴികളാണുള്ളതെന്നും ഒന്നുകിൽ പദ്ധതിയെ അറബിക്കടലിൽ എറിയാമെന്നും അല്ലെങ്കിൽ സ്വയം കടലിൽ ചാടാമെന്നും ഫേസ്ബുക്കിൽ പരിഹസിച്ചു.









