വനിതാ സംവരണ നിയമത്തെ ഒറ്റക്കെട്ടായി പിന്തുണക്കണം; കക്ഷി നേതാക്കൾക്ക് കത്തയച്ച് പ്രധാനമന്ത്രി

ബിൽ പാസാക്കുന്നതിന് ആവശ്യമായ മൂന്നിലൊന്ന് ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യമായതിനാൽ സർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

വനിത സംവരണ ഭേദഗതി ബില്ലിന് ഐക്യകണ്ഠമായ പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇരുസഭകളിലെയും പ്രതിപക്ഷ-ഭരണപക്ഷ കക്ഷി നേതാക്കൾക്ക് കത്തയച്ചു. വനിതാ സംവരണ നിയമം അതിന്റെ പൂർണമായ അർത്ഥത്തിൽ നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. 2029-ലെ ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും വനിതാ സംവരണത്തോടെ നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

‘നാരി ശക്തി വന്ദൻ അധിനിയം’ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾ പാസാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. “വിപുലമായ ചർച്ചകൾക്ക് ശേഷം വനിതാ സംവരണ നിയമം അതിന്റെ യഥാർത്ഥ മനോഭാവത്തോടെ നടപ്പിലാക്കാൻ സമയമായെന്ന നിഗമനത്തിൽ സർക്കാർ എത്തിയിരിക്കുകയാണ്. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും വനിതാ സംവരണം ഉറപ്പാക്കി തന്നെ നടത്തുക എന്നത് അത്യന്താപേക്ഷിതമാണ്,” ഏപ്രിൽ 11-ന് അയച്ച കത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യം

ബിൽ പാസാക്കുന്നതിന് ആവശ്യമായ മൂന്നിലൊന്ന് ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യമായതിനാൽ സർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്ക് കത്തയച്ചിരിക്കുന്നത്. ഇതിനായി പാർലമെന്റിലെ ബജറ്റ് സമ്മേളനം നീട്ടിയിരിക്കുകയാണ്. ഏപ്രിൽ 16 മുതൽ 18 വരെ മൂന്നു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്.

പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതിനൊപ്പം രാജ്യത്തെ ആകെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനുമാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

പുതിയ നിയമത്തിലെ പരിഷ്കാരങ്ങൾ

പുതിയ നിയമം നിലവിൽ വരുന്നതോടെ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും. ഇതിൽ 273 സീറ്റുകളാണ് വനിതകൾക്കായി മാറ്റിവെക്കുക. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം നടപ്പിലാക്കാനുള്ള  ഭരണഘടനാ ഭേദഗതി 2023-ൽ തന്നെ പാസാക്കിയിരുന്നു. എന്നാൽ, നിലവിലെ നിയമപ്രകാരം,  2027-ലെ സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണ്ണയത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാകൂ. അങ്ങനെയാണെങ്കിൽ 2034-ലെ ലോക്സഭ തിരഞ്ഞെടുപ്പിലേ വനിതാ സംവരണം നടപ്പിലാകൂ.

2029-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ സംവരണം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി നിയമത്തിൽ ഭേദഗതികൾ വരുത്താനാണ് സർക്കാർ ഇപ്പോൾ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ 2029 മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീ പങ്കാളിത്തം വലിയ തോതിൽ വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Top News from last week.