തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്‌ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് അഖിൽ പറയുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു മർദ്ദനം. ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റ അഖിലിന് നാളെ സർജറിയാണ്. വീട് പണയപ്പെടുത്തിയാണ് ചികിത്സ നടത്തുന്നതെന്ന് അഖിലിന്റെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകന്റെ ജീവിതം പൊലീസുകാർ നശിപ്പിച്ചെന്ന് അഖിലിന്റെ അമ്മ പറയുന്നു. എസ് ഐ അരിസ്റ്റോട്ടിൽ സിപിഒ വിനോദ്, മഹേഷ്, എന്നിവർക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.
കുന്നംകുളം കസ്റ്റഡി മർദനത്തിൻറെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ പൊലീസ് മർദനത്തിൻറെ നിരവധി വെളിപ്പെടുത്തുകളാണ് തുടർച്ചയായി പുറത്ത് വരുന്നത്. വയനാട് തലപ്പുഴയിൽ കൊവിഡ് കാലത്ത് മാസ്‌ക് ശരിയായി വക്കാത്തിന് പൊലീസ് മുഖം ഇടിച്ച് തകർത്തതായി ഏഷ്യാനെറ്റ് ന്യൂസിനോട് യുവാവിൻറെ വെളിപ്പെടുത്തിയിരുന്നു. തലപ്പുഴ സിഐ ആയിരുന്ന പി കെ ജിജീഷിനും എസ്.ഐ പിജെ ജിമ്മിക്കും എതിരെയാണ് ആരോപണം ഉയർന്നത്. മർദ്ദനത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടും നൽകാൻ തലപ്പുഴ പൊലീസ് തയ്യാറായിട്ടില്ല. എന്നാൽ യുവാവ് പൊലീസിനെ ആക്രമച്ചെന്നും സ്റ്റേഷനിലെ ഭിത്തിയിൽ സ്വയം മുഖം ഇടിച്ച് പരിക്കുണ്ടാക്കിയതെന്നുമാണ് പൊലീസ് വാദം.
അതിനിടെ, പൊലീസിന്റെ മൂന്നാംമുറയെ പരോക്ഷമായി ന്യായീകരിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് വിവാദമായി. ആവനാഴി എന്ന സിനിമയിലെ പൊലീസ് സ്റ്റേഷനിലെ മർദ്ദന രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തി സ്റ്റാറ്റസ് പങ്കുവച്ചത് ഇടുക്കി മറയൂർ സബ് ഇൻസ്‌പെക്ടർ മാഹിൻ സലീം ആണ്. സ്റ്റാറ്റസ് വിവാദമായതോടെ, ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ കോതമംഗലത്ത് എസ് ഐ ആയിരിക്കുമ്പോൾ എസ് എഫ് ഐ പ്രവർത്തകനെ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചതിന് സസ്‌പെൻഷന് വിധേയനായ ഉദ്യോഗസ്ഥനാണ് മാഹിൻ സലീം. കസ്റ്റഡി മർദ്ദനങ്ങളുടെ പേരിൽ പൊലീസ് ഒന്നടങ്കം പ്രതിരോധത്തിലായ സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്രവൃത്തിയെ ഗൗരവമായാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ കാണുന്നത്. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.









