ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലും പോളിയോ തുള്ളി മരുന്ന് വിതരണം ജൂൺ 28ന് നടക്കും.
അഞ്ചു വയസ്സിന് താഴെയുള്ള 1,41,810 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിടുന്നതെന്ന് ഇതു സംബന്ധിച്ചു ചേർന്ന ജില്ലാ ടാസ്ക് ഫോഴ്സ് യോഗം അറിയിച്ചു. ഇതിൽ 3166 പേർ അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. രണ്ട് തുള്ളി വീതമാണ് ഒരോ കുട്ടിയ്ക്കും നൽകുക. ഇതിനായുള്ള മരുന്ന് എത്തിക്കഴിഞ്ഞു.
ജൂൺ 28 ന് നിശ്ചിത ബൂത്തുകളിൽ നിന്നായിരിക്കും തുള്ളിമരുന്ന് വിതരണം. ജൂൺ 28, 29, 30 തീയ്യതികളിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാർക്കറ്റ്, മറ്റു പ്രധാന പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ച 49 ട്രാൻസിറ്റ് ബൂത്തുകൾ മുഖേന നൽകും.ഈ മൂന്നു ദിവസങ്ങളിലും 198 മൊബൈൽ ടീമുകൾ മുഖേനയും ജില്ലയിലുടനീളം തുള്ളിമരുന്ന് വിതരണം ചെയ്യും.
പോളിയോ തുള്ളി മരുന്ന് വിതരണം യജ്ഞത്തിൽ 2004 ൽ 96.9 ശതമാനമായിരുന്നു ജില്ല കൈവരിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 97.5 ശതമാനമായി വർദ്ധിച്ചു.കണ്ണൂർ ജില്ലയിൽ 167 ഹൈ റിസ്ക് പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.തദ്ദേശ സ്വയംഭരണ, തൊഴിൽ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിച്ച് ഈ മേഖലകളിൽ തുള്ളിമരുന്ന് വിതരണം ത്വരിതപ്പെടുത്തണമെന്ന് ടാസ്ക് ഫോഴ്സ് യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) കെ കെ സുബൈർ നിർദേശിച്ചു.തുള്ളിമരുന്ന് വിതരണ നിരക്ക് കുറഞ്ഞ പോക്കറ്റുകളിൽ പ്രത്യേക ശ്രദ്ധ നൽകി എല്ലാം വകുപ്പുകളും ചേർന്ന് കൂട്ടായി അവബോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.
എച്ച്.പി.വി വാക്സിനേഷൻ
ഇപ്പോൾ നടന്നുവരുന്ന, 14-15 വയസ്സുള്ള പെൺകുട്ടികൾക്കായുള്ള എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. മൂന്നുമാസം മുമ്പ് തുടങ്ങിയ ഈ വാക്സിനേഷൻ 61 ശതമാനം പേർക്ക് നൽകി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ എത്തിയാണ് ഒറ്റ ഡോസ് വാക്സിൻ എടുക്കുന്നത്. ബാക്കിയുള്ളവരും വരുന്ന മൂന്നു മാസങ്ങൾക്കുള്ളിൽ എച്ച്.പി.വി വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.
മലേറിയ, മന്ത്, കരിമ്പനി (കാലാഅസർ) എന്നീ രോഗങ്ങളുടെ നിർമാർജനവും യോഗം ചർച്ച ചെയ്തു. കഴിഞ്ഞവർഷം 74 മലേറിയ കേസുകളാണ് കണ്ണൂർ ജില്ലയിൽ കണ്ടെത്തിയത്. ഇവയെല്ലാം പുറത്തുനിന്ന് രോഗം പിടിപെട്ടവരായിരുന്നു. 2024 ൽ തദ്ദേശീയമായി നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി മൂന്ന് വർഷം തദ്ദേശീയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ മാത്രമേ ജില്ലയെ മലേറിയ മുക്തമായി പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളൂ.
മന്ത് രോഗബാധിതരായി 814 പേർ നിലവിൽ ജില്ലയിലുണ്ട്. കൊതുക് പരത്തുന്ന മന്ത്, മലേറിയ പോലുള്ള രോഗങ്ങൾ തടയാൻ എല്ലാ വിദ്യാലയങ്ങളിലും വെള്ളിയാഴ്ച്ചകളിൽ ഡ്രൈ ഡേ നടപ്പാക്കി, മാലിന്യനിർമാർജനം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തോട്ടം മേഖലകൾ, തീരദേശ മേഖലകളിൽ എന്നിവിടങ്ങളിൽ കൊതുക് നിർമാർജനം സംബന്ധിച്ചു പ്രത്യേക യോഗങ്ങൾ ചേരും.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ. സി സച്ചിൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. കെ അനിൽകുമാർ, ആർ. സി. എച്ച് ഓഫീസർ ഡോ. അശ്വിൻ ജി, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ. കെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









