കണ്ണൂരിൽ ആദ്യദിനം 1308 പേർ പോസ്റ്റൽ വോട്ട് ചെയ്തു

കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കലിന് തുടക്കമായി. ഭിന്നശേഷിക്കാരുടെയും 85 വയസ്സ് കഴിഞ്ഞവരുടെയുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏഴു നിയമസഭ മണ്ഡലങ്ങളിലായി ആദ്യദിനം 1308 പേർ പോസ്റ്റലിൽ വോട്ട് രേഖപ്പെടുത്തി.

ആദ്യദിനം 85 വയസ് കഴിഞ്ഞ 1008 പേരും 300 ഭിന്നശേഷിക്കാരുമാണ് പോസ്റ്റൽ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ തിങ്കഴാഴ്ച രാത്രി തന്നെ ഉപവരണാധികാരിക്ക് കൈമാറി സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിയില്‍ നിന്നു സ്വീകരിച്ചാണ് അര്‍ഹരായവരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കലിന് തുടക്കമായത്. ആദ്യദിവസം വോട്ടര്‍ വീട്ടിലില്ലെങ്കില്‍ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടില്‍ വരികയും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. രണ്ടാമത്തെ സന്ദര്‍ശനത്തിന്റെ തീയതി ആദ്യസദര്‍ശന വേളയില്‍ തന്നെ വോട്ടറുടെ വീട്ടുകാരെ അറിയിക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ പിന്നീട് മറ്റൊരവസരം ലഭിക്കില്ല.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായിട്ടുള്ളത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലായി 149 ടീമുകളായാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു ടീമില്‍ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍, പോലീസ്, സൂക്ഷ്മ നിരീക്ഷകന്‍ എന്നിവരുണ്ട്. കൂടാതെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കും ഇവര്‍ക്കൊപ്പം പോകാം.

Top News from last week.