പിണറായിക്ക് വിനയായത് അധികാരമോഹികളായ നേതാക്കൾ; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ


ആലപ്പുഴ: ഇടത് സർക്കാരിന് തുടർഭരണം നഷ്ടപ്പെടാൻ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അധികാരക്കൊതി മൂത്ത നേതാക്കളും ഭരണതലത്തിലെ വീഴ്ചകളുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലുള്ള പി. ശശിയാണ് ഭരണത്തിലെ പ്രധാന പഴുതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എ.എൻ. ഷംസീറിനെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ചു.

ഷംസീറിന്റെ ശൈലി കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ചേർന്നതല്ലെന്നും, ലീഗ് മനോഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ വലിയ ത്യാഗങ്ങളിലൂടെ വളർന്നുവന്നപ്പോൾ, അധ്വാനിക്കാതെ എളുപ്പവഴിയിലൂടെയാണ് ഷംസീർ അധികാരത്തിൽ എത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മതേതരത്വം മാത്രം സംസാരിച്ചതുകൊണ്ട് ഈഴവ സമുദായത്തിന് രാഷ്ട്രീയമായി ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും നൂറു വർഷം കഴിഞ്ഞാലും ഒരു രാഷ്ട്രീയ മുന്നണിയിൽ നിന്നും ഈഴവ സമുദായത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മന്ത്രി ഗണേഷ് കുമാറിനെതിരെയും ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തുവെന്ന ആരോപണത്തോടെ രൂക്ഷമായ പ്രഹരമാണ് അദ്ദേഹം നടത്തിയത്.









