12-ാം വർഷത്തിലേക്ക് പ്രധാനമന്ത്രി ജൻധൻ യോജന


ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക ഉൾപ്പെടുത്തൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് ഇന്ന് 12 വർഷം പൂർത്തിയായി. 2014 ഓഗസ്റ്റ് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.

പദ്ധതിയുടെ ഭാഗമായി ഇതുവരെ 59 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നു. അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 3.17 ലക്ഷം കോടി രൂപയിലെത്തി. ഒരു അക്കൗണ്ടിലെ ശരാശരി നിക്ഷേപം 5,356 രൂപയാണ്.ജൻധൻ അക്കൗണ്ടുകളിൽ 78 ശതമാനവും ഗ്രാമീണ, അർധനഗര മേഖലകളിലാണ് തുറന്നിട്ടുള്ളത്. ഏകദേശം 56 ശതമാനം അക്കൗണ്ടുകളും വനിതകളുടേതാണ്.
ജൻധൻ അക്കൗണ്ട് ഉടമകൾക്കായി 41 കോടിയിലധികം റുപേ കാർഡുകളും വിതരണം ചെയ്തിട്ടുണ്ട്. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളടക്കം ദശലക്ഷക്കണക്കിന് ആളുകൾക്ക് ബാങ്കിങ്, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി സഹായകമായി.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളിലൊന്നായ ജൻധൻ യോജന, രാജ്യത്തെ എല്ലാവർക്കും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.









