ഗർഭകാലത്ത് പ്രീമിയത്തിന് ഇടവേള, 15% ആജീവനാന്ത ഇളവ്; സ്ത്രീകൾക്കായി ഐസിഐസിഐ പ്രുഡൻഷ്യലിന്റെ പുതിയ ഇൻഷുറൻസ് പ്ലാൻ


മുംബൈ: വനിതകളുടെ സാമ്പത്തിക ഭദ്രതയും ആരോഗ്യ സുരക്ഷയും ലക്ഷ്യമിട്ട് പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ പ്രുഡൻഷ്യൽ പുതിയ ടേം ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. ‘ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് പ്രീമിയത്തിൽ വലിയ ഇളവുകളും ഒട്ടേറെ വെൽനസ് സേവനങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പോളിസി കാലയളവിലുടനീളം പ്രീമിയം തുകയിൽ 15 ശതമാനം വരെ ആജീവനാന്ത ഇളവ് നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. കൂടാതെ, ഗർഭകാലത്ത് പ്രീമിയം അടയ്ക്കുന്നതിൽ നിന്ന് പോളിസിയുടമകൾക്ക് താത്കാലികമായി വിടുതൽ നേടാനുള്ള ‘പ്രഗ്നൻസി ബ്രേക്ക്’ സൗകര്യവുമുണ്ട്. ഈ കാലയളവിൽ പ്രീമിയം അടച്ചില്ലെങ്കിൽ പോലും പോളിസിയുടെ സുരക്ഷാ പരിരക്ഷ പൂർണ്ണമായും ലഭ്യമാകും.
പോളിസിയുടമയ്ക്ക് അപ്രതീക്ഷിത വിയോഗമുണ്ടായാൽ കുടുംബത്തിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾക്കായി തുക ഒറ്റത്തവണയായി നൽകുന്നതിന് പകരം, തുടർച്ചയായ 10 വർഷത്തേക്ക് കൃത്യമായ വരുമാനമായി നൽകുന്ന ഓപ്ഷനും ഇതിലുണ്ട്. ഈ തുകയിൽ ഓരോ വർഷവും 10 ശതമാനം വീതം വർദ്ധനവുണ്ടാകും.
ലൈഫ് കവറേജിന് പുറമേ 25,000 രൂപ വരെ മൂല്യമുള്ള ഹെൽത്ത് മാനേജ്‌മെന്റ് സേവനങ്ങളും പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് ലഭിക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായി സൗജന്യ ടെലി-കൺസൾട്ടേഷൻ, വാർഷിക ആരോഗ്യ പരിശോധനകൾ, മെഡിക്കൽ പരിശോധനകൾക്കും മരുന്നുകൾക്കുമുള്ള ഇളവുകൾ ഉൾപ്പെടെ പരമാവധി 92,100 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങൾ പോളിസിയുടമകൾക്ക് ക്ലെയിം ചെയ്യാം.
വ്യക്തികളുടെ പ്രായവും കവറേജ് തുകയും അടിസ്ഥാനമാക്കിയാണ് പ്രീമിയം നിശ്ചയിക്കുന്നത്. പ്രീമിയം അടയ്ക്കുന്നതിൽ വലിയ വഴക്കമുള്ള ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ഐസിഐസിഐ പ്രുഡൻഷ്യലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.









