കേരളീയർക്ക് ആശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമു


ന്യൂഡൽഹി: ഓണം പ്രമാണിച്ച് രാജ്യത്തെ എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന കേരളീയർക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഹൃദയം നിറഞ്ഞ ആശംസകളും ആശംസാപ്രാർത്ഥനകളും നേർന്നു.

പുതിയ വിളവെടുപ്പിന്റെ വരവിൽ പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കുന്ന അവസരമാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. സമ്പന്നമായ കേരളീയ സംസ്കാരത്തെയും സാഹോദര്യത്തിന്റെ ആത്മാവിനെയും ആഘോഷിക്കുന്ന ഓണം വൈവിധ്യത്തിലെ ഏകത്വത്തിന്റെ സന്ദേശവും പകരുന്നതാണ്.
വള്ളംകളി, നാടൻ കലാരൂപങ്ങൾ, സംഗീതം, കായിക മത്സരങ്ങൾ തുടങ്ങിയ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ കേരളത്തിന്റെ സംസ്കാരവും മൂല്യങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഓണം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും സംഭാവന ചെയ്യാൻ ഈ ഉത്സവം പ്രചോദനമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.









