രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; 127 സൈനികർക്ക് രാജ്യത്തിൻറെ ആദരം, ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ചവർക്കും പുരസ്‌കാരം

ദില്ലി: 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിൻറെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച സൈനികർക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേർക്ക് കീർത്തി ചക്ര പുരസ്‌കാരവും 15 പേർക്ക് വീർചക്ര പുരസ്‌കാരവും 16 പേർക്ക് ശൗര്യചക്ര പുരസ്‌കാരവും നൽകും. 58 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡലും 26 പേർക്ക് വായുസേന മെഡലും ഒമ്പതുപേർക്ക് ഉദ്ദം യുദ്ധ് സേവ മെഡലും നൽകും. മലയാളിയായ നാവികസേന കമാൻഡർ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറൽ എഎൻ പ്രമോദിന് യുദ്ധസേവ മെഡലും നൽകും.

 

ബിഎസ്എഫിലെ രണ്ടുപേർക്ക് വീർചക്ര പുരസ്‌കാരം സമ്മാനിക്കും. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് യുദ്ധസേവ മെഡൽ നൽകും. എയർ വൈസ് മാർഷൽ ജോസഫ് സ്വാരസ്, എവിഎം പ്രജ്വൽ സിങ്, എയർ കമാൻഡർ അശോക് രാജ് താക്കൂർ എന്നിവർക്കാണ് പുരസ്‌കാരം. ഇവർക്ക് പുറമെ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാർക്കും യുദ്ധ സേവ മെഡൽ നൽകും.

 

ഒമ്പത് വ്യോമസേന പൈലറ്റുമാർക്ക് വീർ ചക്ര സമ്മാനിക്കും. കരസേനയിൽ രണ്ടുപേർക്ക് സർവോത്തം യുദ്ധസേവാ മെഡലും നാലുപേർക്ക് കീർത്തിചക്ര പുരസ്‌കാരവും നൽകും.ഇന്ത്യയുടെ പുതിയ യുദ്ധമുറയാണ് ഓപ്പറേഷൻ സിന്ദൂറിൽ കണ്ടതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ദീർഘവീക്ഷണത്തിൻറെ സ്വയം പര്യാപ്തതയുടെയും ഉദാഹരണമാണ് ഓപ്പറേഷനെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൈനികർക്ക് നൽകിയ സന്ദേശത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

Top News from last week.

Latest News

More from this section