ചെലവ് ചുരുക്കാൻ മാതൃകയായി പ്രധാനമന്ത്രി; വാഹനവ്യൂഹത്തിന്റെ വലിപ്പം പകുതിയായി കുറച്ചു

സുരക്ഷാ പ്രോട്ടോക്കോളുകളിൽ വിട്ടുവീഴ്ച വരുത്താതെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (SPG) നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എസ്പിജി ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ധന ലാഭത്തിനും ചെലവ് ചുരുക്കലിനും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വാഹനവ്യൂഹത്തിന്റെ (Convoy) വലിപ്പം 50 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നടപ്പിലാക്കുന്ന വിപുലമായ മിതവ്യയ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

സുരക്ഷാ പ്രോട്ടോക്കോളുകളിൽ വിട്ടുവീഴ്ച വരുത്താതെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (SPG) നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എസ്പിജി ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ

വാഹനവ്യൂഹത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ (EV) ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഈ മാറ്റത്തിനായി പുതിയ വാഹനങ്ങൾ വാങ്ങാൻ പാടില്ലെന്നും നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാനും സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാനും പ്രധാനമന്ത്രി നേരത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം വാഹനവ്യൂഹത്തിലും അദ്ദേഹം നിയന്ത്രണം ഏർപ്പെടുത്തിയത്.

വിവിധ മന്ത്രാലയങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ മിതവ്യയ നടപടികൾ പിന്തുടരാൻ ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ തങ്ങളുടെ വാഹനവ്യൂഹം കുറയ്ക്കാൻ ഉത്തരവിട്ടു. കേന്ദ്രമന്ത്രി സി.ആർ പാട്ടീൽ തന്റെ എസ്കോർട്ട് വാഹനം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ മിതവ്യയ ആഹ്വാനം

കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കവേയാണ് ഇറാൻ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക ആഘാതം നേരിടാൻ മിതവ്യയ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, മെട്രോ ട്രെയിനുകളെ കൂടുതൽ ആശ്രയിക്കുക, കാർപൂളിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം, റെയിൽവേ പാഴ്സൽ സർവീസുകൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം രീതി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണം വാങ്ങുന്നതും അത്യാവശ്യമല്ലാത്ത വിദേശ യാത്രകളും ഒരു വർഷത്തേക്ക് മാറ്റിവെക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഭക്ഷ്യ എണ്ണയുടെ ഉപഭോഗം കുറയ്ക്കുക, രാസവളങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക, സ്വദേശി ഉൽപ്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുക എന്നിവയിലൂടെ സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആഗോള അനിശ്ചിതത്വത്തിനിടയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഈ നടപടികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section