പ്രിയദർശിനി’ തിരിച്ചടിയായി; ഒരു മാസം കൊണ്ട് സ്വകാര്യ ബസ് മേഖലയ്ക്ക് 65 കോടി നഷ്ടം, 500 ലധികം ബസുകൾ കട്ടപ്പുറത്ത്!

പാലക്കാട്: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. പദ്ധതി തുടങ്ങി ഒറ്റമാസം കൊണ്ട് 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായും 500-ലധികം ബസുകൾ സർവീസ് നിർത്തിയതായും ഉടമകൾ അറിയിച്ചു. നിലവിൽ ഓടുന്നവയിൽ പകുതിയും ട്രിപ്പുകൾ വെട്ടിച്ചുരുക്കുകയാണ്. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റ് തുക സർക്കാർ നൽകുക, ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.

​ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് സൂചനാ പണിമുടക്കിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം. സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗ്ഗങ്ങൾ തേടണമെന്നാണ് മന്ത്രി ചർച്ചയിൽ നിർദ്ദേശിച്ചത്. അതേസമയം, പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പഠിക്കാൻ മുൻ ഗതാഗത കമ്മിഷണർ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. ബി.ജി. ശ്രീദേവി, കെ.എസ്. വിജയശ്രീ, കെ. മനോജ് കുമാർ, ഡോ. സജ്ജയ് എന്നിവരടങ്ങുന്ന സമിതി ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

Top News from last week.