തിരുവനന്തപുരം ∙ ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികള്‍ കുറഞ്ഞതില്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ സിപിഎമ്മിലും വിമർശനം. പട്ടിണി പാവങ്ങള്‍ കളി കാണേണ്ടെന്ന് പറയുന്ന നിലപാട് ശരിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അഭിപ്രായപ്പെട്ടു. പട്ടിണിക്കാരനും അല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റെന്നും എം.വി. ജയരാജന്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയെ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തിയിരുന്നു.
‘പണമുള്ളവനും ഇല്ലാത്തവനുമെല്ലാം കാണേണ്ട കളിയാണ് ക്രിക്കറ്റ്. ലോകകപ്പ് ഫുട്ബോളിന്റെ സമയത്താണ് സ്പോർട്സിനോട് നമ്മുടെ ആളുകൾക്കുള്ള താൽപര്യം ശരിക്കു മനസ്സിലാക്കിയത്. ക്രിക്കറ്റ് കളി എല്ലാവരും കാണേണ്ടതു തന്നെയാണ്’ – എം.വി.ജയരാജൻ പറഞ്ഞു.