ജനസേവനം ഇനി എഐ വഴി: സി-ഡിറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് പ്രവർത്തനം തുടങ്ങുന്നു; മലയാളം കേന്ദ്രീകരിച്ചുള്ള ദ്വിഭാഷാ സംവിധാനങ്ങൾ വരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഭരണവും സർക്കാർ സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സി-ഡിറ്റിന്റെ (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി) നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ലാബ് സജ്ജമായി. പട്ടത്തുള്ള സി-ഡിറ്റ് ഐസിടി കോംപ്ലക്‌സിലാണ് ലാബ് ഒരുക്കിയിരിക്കുന്നത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള നിർമ്മിതബുദ്ധി വകുപ്പിന്റെ ആദ്യഘട്ട ചുവടുവെപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് എഐ സാങ്കേതികവിദ്യക്കായി പ്രത്യേക വകുപ്പും മന്ത്രിയുമുണ്ടാകുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ ആശയവിനിമയം നടത്താനും, ഔദ്യോഗിക വിവരങ്ങൾ കൃത്യമായി നൽകാനും, ശബ്ദത്തെ എഴുത്തായും തിരിച്ചും മാറ്റാനും കഴിവുള്ള സാങ്കേതികവിദ്യകളാണ് സി-ഡിറ്റ് ഇതിലൂടെ പുറത്തിറക്കുന്നത്. വിദേശമലയാളികൾക്കായുള്ള ‘ഷെർപ്പ’, പൗരസേവനങ്ങൾക്കുള്ള ‘സി-ഡിറ്റ് എഐ ഏജന്റ്’, സർക്കാർ രേഖാ പോർട്ടൽ, വയോജന സുരക്ഷയ്ക്കായുള്ള ‘സഹായ-മായ’, പഠന-പരിശീലന സംവിധാനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾ നിലവിൽ ലാബിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.
ഓരോ ആവശ്യത്തിനും വെവ്വേറെ സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് പകരം, പൊതുവായി ഉപയോഗിക്കാവുന്ന എഐ മാതൃകകൾ സൃഷ്ടിക്കാനാണ് സി-ഡിറ്റ് ലക്ഷ്യമിടുന്നത്. ഇതിലൂടെ വിവരങ്ങളുടെ സുരക്ഷ പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെ നിലനിർത്താനും ഭാവിയിൽ കേരളത്തിന്റെ സ്വന്തം എഐ മാതൃക വികസിപ്പിച്ചെടുക്കാനും സാധിക്കും.









