പി വി അൻവറിനെ കറിവേപ്പില പോലെ കളഞ്ഞു, അൻവറിനെ ആർക്കും വേണ്ട; പരിഹാസവുമായി പിണറായി വിജയൻ

 

തിരുവനന്തപുരം: നിലമ്പൂരിൽ അൻവർ വിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും പി വി അൻവറിനെ ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു. നിലമ്പൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം ഉടൻ ഉണ്ടാകുമെന്നും കൂടിയാലോചനകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വന്യജീവി ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഓരോ നഷ്ടവും വളരെ വലുതാണ്. ഇതിന് ശാശ്വത പരിഹാരം വേണം. വിഷയത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം. ചിലർ രാഷ്ട്രീയ താൽപ്പര്യത്തോടെ അനാവശ്യ തെറ്റിധാരണ പരത്തുന്നുന്നു. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രചാരണ നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വന്യജീവി പ്രശ്‌നം നേരിടുന്നതിന് പ്രധാന തടസം കേന്ദ്ര നിയമമാണെന്നും നിയമം കൊണ്ടുവന്നത് ഇന്ദിരാഗാന്ധി സർക്കാർ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 എ പ്രകാരം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ആക്രമണ കാരിയായ വന്യമൃഗങ്ങളെ ഉൻമൂലനം ചെയ്യാൻ തടസമാണ്. ഈ കേന്ദ്ര നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാനത്തിനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനവാസ മേഖലയിലിറങ്ങുന്ന അപകടകാരികളായ വന്യജീവിയെ കൊല്ലാൻ ഉത്തരവിടുന്നതിന് മുൻപ് ഇവയെ പിടികൂടാനോ മയക്കുവെടിവയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല എന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെട്ടുവെന്ന് കാര്യകാരണ സഹിതം രേഖപ്പെടുത്തണം. പിടികൂടുന്ന വന്യമൃഗങ്ങളെ തടവിൽ പാർപ്പിക്കാനാകില്ല. ഒഴിവാക്കാനാത്ത സാഹചര്യത്തിൽ മാത്രമേ വന്യമൃഗങ്ങളെ കൊല്ലാനാകൂ. സിആർപിസി 131 പ്രകാരം വന്യജീവികൾക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വകുപ്പ് 11 ജില്ലാ കളക്ടറെ അനുവദിക്കുന്നില്ല എന്ന് 19.2 .24 ലെ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും പുറപ്പെടുവിച്ച നിർദേശങ്ങൾ കടുവകളെയും കാട്ടാനകളെയും കൈകാര്യം ചെയ്യുന്നതിന് അപ്രായോഗികമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top News from last week.

Latest News

More from this section