ആർ. രാജഗോപാലിൻ്റെ വോട്ടവകാശം നഷ്ടപ്പെട്ടത് ജനാധിപത്യത്തിന് കളങ്കം: മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: രാജ്യത്ത് ഒരു പൗരന് സ്വന്തം പൗരത്വവും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങളും തെളിയിക്കാൻ നെട്ടോട്ടമോടേണ്ടി വരുന്ന സാഹചര്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ഭരണസംവിധാനങ്ങൾ ഒരു പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനു പകരം, അവ വീണ്ടും വീണ്ടും തെളിയിക്കാൻ നിർബന്ധിക്കുന്ന സ്ഥിതി ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദി ടെലഗ്രാഫ് മുൻ പത്രാധിപരും പ്രമുഖ മാധ്യമപ്രവർത്തകനുമായ ആർ. രാജഗോപാൽ നേരിട്ട ദുരനുഭവം. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് വോട്ടവകാശം നഷ്ടപ്പെടുകയും, പാസ്‌പോർട്ട് പുതുക്കാനാകാതെ സ്വന്തം മകളുടെ വിവാഹത്തിൽ പോലും പങ്കെടുക്കാൻ കഴിയാതിരിക്കുകയും ചെയ്ത സംഭവം ഇന്ത്യൻ ജനാധിപത്യത്തിന് അപമാനകരമാണ്.

കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും നടപടികളെയും ശക്തമായി വിമർശിച്ച മാധ്യമപ്രവർത്തകനെന്ന നിലയിൽ സുപരിചിതനായ ഒരാൾക്ക് സ്വന്തം പൗരത്വവും അവകാശങ്ങളും തെളിയിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം അതീവ ആശങ്കാജനകമാണ്. ജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യവും ഭരണകൂടത്തെ വിമർശിക്കാനുള്ള അവകാശവും അടിസ്ഥാന മൂല്യങ്ങളാണ്. അത്തരം ശബ്ദങ്ങൾ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതാണ്.

വിഷയത്തിൽ ആർ. രാജഗോപാലിന് നീതി ഉറപ്പാക്കണം; ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വോട്ടർ പട്ടിക പുതുക്കലും പൗരസേവനങ്ങളും കൂടുതൽ വിശ്വാസ്യതയോടെയും ഉത്തരവാദിത്വത്തോടെയും നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Top News from last week.