കണ്ണൂർ: സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്. കുളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്ലസ് ടു വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
ഉച്ചയ്ക്ക് സ്കൂൾ കാന്റീനിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. പുറകിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി നാല്പതോളം വരുന്ന സീനിയർ വിദ്യാർഥികളുടെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. ആക്രമണത്തിനിടെ കല്ലുകൊണ്ട് വിദ്യാർഥിയുടെ തലയ്ക്കടിക്കുകയായിരുന്നു.
ശരീരം മെച്ചപ്പെടുത്തി നടക്കുന്നതിലുള്ള എതിർപ്പാണ് അക്രമത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം പറഞ്ഞ് മുൻപും സീനിയർ വിദ്യാർഥികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇനി ഒരു കുട്ടിക്കും സ്കൂളുകളിൽ ഇത്തരമൊരു അവസ്ഥ വരരുതെന്ന് പരിക്കേറ്റ കുട്ടിയുടെ ബന്ധു അബ്ദുള്ള പറഞ്ഞു.സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.









