ഭരണഘടനെ ആക്രമിക്കാന്‍ ആണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയുടെ ആധാരം ഒരു പൗരന്‍ ഒരു വോട്ട് എന്നാണ്. മഹാരാഷ്ട്രയിലെ ഫലം വന്നപ്പോള്‍ തന്നെ വോട്ടര്‍പട്ടികയെ കുറിച്ച് സംശയമുണ്ടായിരുന്നു. ഇലക്ഷന്‍ കമ്മീഷനും ബിജെപിയും ചേര്‍ന്ന് കര്‍ണാടകയില്‍ ഒത്തുകളിച്ചു. ഇതിന്റെ തെളിവുകളാണ് ഇന്നലെ പുറത്തുവിട്ടതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കര്‍ണാടകയില്‍ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ജയിച്ചത് 9 സീറ്റുകളിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ലിസ്റ്റിന്റെ സോഫ്റ്റ് കോപ്പി പുറത്തുവിട്ടിട്ടില്ല. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്നില്ല, ഇവ നശിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരു ലക്ഷത്തിലധികം വോട്ട് ബിജെപി കവര്‍ന്നെടുത്തു. ബിജെപി നേതാക്കളുടെ അഡ്രസുകള്‍ ഉപയോഗിച്ച് വ്യാജ വോട്ടുകള്‍ ചേര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു.
മധ്യപ്രദേശ്, രാജസ്ഥാന്‍ ബിഹാര്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക ലഭ്യാമാക്കുന്നില്ല. ഇത് പുറത്തുവന്നാല്‍ തട്ടിപ്പ് കൂടുതല്‍ വ്യക്തമാകും. ഇലക്ഷന്‍ കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പണിയെടുക്കരുത്, ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇലക്ഷന്‍ കമ്മീഷന്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണത്തിനാണ് കൂട്ട് നില്‍ക്കുന്നത്. ഭരണഘടനയെ ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കും. ഓരോ ക്രമക്കേടുകളും സമയമാകുമ്പോള്‍ പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് രക്തത്തില്‍ ഭരണഘടയുടെ ഡിഎന്‍ഐയുണ്ട്. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഭരണഘടന സംരക്ഷിക്കണം. കഴിഞ്ഞ 10 വര്‍ഷത്തെ വോട്ടര്‍ലിസ്റ്റ് പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. വീഡിയോ നല്‍കണം. അല്ലെങ്കില്‍ നിങ്ങള്‍ ഗുരുതര കുറ്റത്തിന് കൂട്ട് നില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ വോട്ടര്‍പട്ടികയും പോളിങ് ബൂത്തിലെ ദൃശ്യങ്ങളും പുറത്തുവിടാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.




