കേരളത്തിൽ എൽഡിഎഫ് – ബിജെപി അന്തർധാര ആരോപിച്ച് രാഹുൽ ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിനും ബിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുൽ ഗാന്ധി   രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിവിധ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ നടപടിയെടുക്കാത്തത് എൽഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യ അന്തർധാരയുടെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട രാഹുൽ, കേരളത്തിലെ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം വലിയൊരു വിപത്താണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്ത് ലഹരിമരുന്ന് കേസുകളിൽ കേരളം രണ്ടാം സ്ഥാനത്തെത്തിയതിന് ഭരണകൂടത്തിന്റെ വീഴ്ചയാണ് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം ഇതാണോ കേരളത്തിന് കാണിച്ചു കൊടുക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണവും രാഹുൽ ഗാന്ധി പ്രസംഗത്തിൽ ഉന്നയിച്ചു. കിലോക്കണക്കിന് പവിത്രമായ സ്വർണ്ണമാണ് അവിടെ നിന്ന് കാണാതായത്. ഇതിൽ സി പി എം നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്. അയ്യപ്പനെ ബഹുമാനിക്കാത്ത ഒരു സർക്കാരിന് എങ്ങനെ കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫിനോ ബിജെപിക്കോ ജനങ്ങളോട് മറുപടി പറയണമെന്ന് ആഗ്രഹമില്ലെന്നും ഇരുകൂട്ടർക്കും ഒരേ നയങ്ങളും രാഷ്ട്രീയ അജണ്ടയുമാണെന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തിൽ യഥാർത്ഥത്തിൽ രണ്ട് പക്ഷങ്ങൾ മാത്രമാണ് പോരാടുന്നത് – യുഡിഎഫും എൽഡിഎഫ്-ബിജെപി സഖ്യവും,” ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ആരോപിച്ചു. രാജ്യത്തെമ്പാടും ബിജെപിക്കെതിരെ പോരാടുന്ന പ്രതിപക്ഷ നേതാക്കളെ അവർ വേട്ടയാടുന്നു. എനിക്കെതിരെ 40-ഓളം കേസുകളുണ്ട്, ദിവസങ്ങളോളം ഇഡി ചോദ്യം ചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ അഴിമതിക്കേസുകൾ എങ്ങുമെത്തുന്നില്ല. ഇത് ഇരുകൂട്ടരും തമ്മിലുള്ള ധാരണയുടെ വ്യക്തമായ തെളിവാണ്. എന്തിനാണ് ബിജെപി കേരള മുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

തൊഴിൽ നൽകുമെന്ന വാഗ്ദാനം പാലിക്കാത്ത കാര്യത്തിലും എൽഡിഎഫും ബിജെപിയും ഒരുപോലെയാണെന്ന് രാഹുൽ പറഞ്ഞു. കേരളത്തിലെ മൂന്നിൽ ഒരാൾ തൊഴിൽ രഹിതനാണ്. മിടുക്കും യോഗ്യതയും പരിഗണിക്കാതെ പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവുമാണ് എൽഡിഎഫ് ഭരണത്തിൽ നടക്കുന്നത്. സാങ്കേതികവിദ്യയിലും വികസനത്തിലും കേരളത്തെ ഒന്നാമതാക്കുന്നതിന് പകരം ലഹരി കേസുകളിൽ കേരളത്തെ ഒന്നാമതാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തകർന്നുവെന്നും ആയിരക്കണക്കിന് ചെറുകിട ബിസിനസ്സുകൾ നശിപ്പിക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന് പരിഹാരമായി യുഡിഎഫ് അഞ്ച് ‘ഇന്ദിര ഗ്യാരണ്ടി’കൾ മുന്നോട്ട് വെക്കുന്നു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’, ചെറുകിട സംരംഭകർക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ എന്നിവയാണ് വാഗ്ദാനങ്ങൾ.വെറും വാഗ്ദാനങ്ങളല്ല, കർണ്ണാടകയിലും തെലങ്കാനയിലും ചെയ്തതുപോലെ ഇവ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അഴിമതിക്കാരായ എൽഡിഎഫിനെ പരാജയപ്പെടുത്താനും ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ തുറന്നുകാട്ടാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

Top News from last week.

Latest News

More from this section