ദില്ലി: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി… കമ്മീഷൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാർത്താ സമ്മേളനം തുടങ്ങിയത്. വോട്ടർ പട്ടിക പുതുക്കാൻ വേണ്ടിയാണ് എസ്‌ഐആർ നടത്തുന്നത്. സ്പഷ്യൽ ഇന്റൻസീവ് റിവിഷൻ…
വോട്ടർ പട്ടികയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ വരെയാണ് സമയം. എല്ലാ രാഷ്ട്രീയ പാർടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം. പരിഭ്രാന്തി പടർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷൻറെ കൂടെ നില്ക്കുന്നുണ്ട്. എന്നാൽ രാഹുൽ ഗാന്ധി വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുകയാണ്. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുമുണ്ട്. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിമർശിച്ചു.
ആരോപണങ്ങൾ നടത്തുന്നതിന് ചില വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നും ഇലക്ഷൻ കമ്മിഷൻ പറഞ്ഞു. അവർക്കെതിരെ കള്ള ആരോപണം ഉന്നയിച്ചു. കേരളത്തിലുൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷവും പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് കമ്മീഷൻ ചോദിച്ചു. കൂടാതെ കേരളത്തിലാകട്ടെ കർണാടകയിലാകട്ടെ ഉയരുന്ന പരാതികളിൽ ഒരു കഴമ്പുമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി…
വോട്ട് മോഷണം നടന്നു എന്ന ആക്ഷേപം തള്ളിയ കമ്മീഷൻ രാഹുൽ ഗാന്ധിയുടെ ഇടപെടൽ വോട്ടർമാരുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദങ്ങളോട് പ്രതികരിച്ചത്.









