കണ്ണൂർ: പ്രസ് ക്ലബിനു സമീപത്തുള്ള റെയിൽവെ മേൽപ്പാലം ഒമ്പതു മാസത്തിനകം പുനർ നിർമിക്കുമെന്ന് അഡീഷണൽ സെക്രട്ടറി കെ.എസ്.വിജയശ്രീ അറിയിച്ചു. കൃഷ്ണ ജ്വൽസ് മാനേജിംഗ് പാർട്ണർ സി.വി.രവീന്ദ്രനാഥ്, ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.വി. മനോജ് കുമാർ, കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് എം.പ്രകാശ് ബാബു എന്നിവർ ചേർന്ന് ഗതാഗത വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിന് മറുപടിയായാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.
മുനീശ്വരൻ കോവിലിനെയും പഴയ ബസ് സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന പ്രധാന നടപ്പാതയായ റെയിൽവെ മേൽപ്പാലം പൊളിച്ചിട്ട് ഒരു വർഷത്തിലധികമായി. ഇത് സാധാരണക്കാർക്കും ഈ ഭാഗത്തുള്ള കച്ചവടക്കാർക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
റെയിൽവെ കണ്ണൂർ യാർഡിനു മുകളിലായി മൂന്നു മീറ്റർ വീതിയിൽ വലിയ മേൽപ്പാലം പുനർ നിർമിക്കാൻ ആഗസ്ത് 13ന് അനുമതി നൽകിയിട്ടുണ്ടെന്ന് കെ.എസ്.വിജയശ്രീ അറിയിച്ചു. ഈ തീയതി മുതൽ 9 മാസത്തിനകം പുനർ നിർമാണം പൂർത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതോടെ മാസങ്ങളായുളള ജനങ്ങളുടെ മുറവിളിയ്ക്കാണ് പരിഹാരമാകുന്നത്.









