റെയില്‍വേ നടപ്പാലം പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഗമം

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡിലെ പൊളിച്ചുമാറ്റിയ റെയില്‍വേ നടപ്പാലം പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പാലം പൊളിച്ചുമാറ്റിയിട്ട് മാസങ്ങളേറെയായിട്ടും റെയില്‍വേ ഇതുവരെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധം. കെ സുധാകരന്‍ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. റെയില്‍വേയുടെ ഭൂമി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്രം പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. അതേസമയം റെയില്‍വേ നടപ്പാലം പുനസ്ഥാപിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്നും കേന്ദ്ര മന്ത്രിമാരെ അടക്കം കാണുമെന്നും എന്നിട്ടും നടപടിയായില്ലെങ്കില്‍ കോണ്‍ഗ്രസ് ജനകീയ സമരം നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു.

അ0തേസമയം റെയില്‍വേ മേല്‍പാലം പൊളിച്ചുമാറ്റിയതോടെ പഴയ ബസ്റ്റാന്റിലെ തിരക്ക് കുറഞ്ഞു. ഇത് മൂലം ഇവിടെയുള്ള ചെറുകിട കച്ചവടക്കാരുടെ വരുമാനം കുറയുന്നതിന് കാരണമായി. റെയില്‍വേ നടപ്പാലം പൂര്‍ണമായും പൊളിച്ചുനീക്കിയത് മൂലം പഴയ ബസ്റ്റാന്റിലേക്കുള്ള യാത്ര സര്‍വീസും ഇല്ലാതായി. ഇത് ഓട്ടോറിക്ഷാ തൊഴിലാളികളെ അടക്കം ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

അതേസമയം ടെന്‍ഡര്‍ നടപടികള്‍ ആകാത്തത് കൊണ്ടാണ് പുതിയ മേല്‍പ്പാലത്തിന്റെ പ്രവൃത്തി തുടങ്ങാത്തതെന്നാണ് റെയില്‍വേ അധികൃതര്‍ മുന്‍പ് പറഞ്ഞത്. എന്നാല്‍ പുതിയ മേല്‍പ്പാലം പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ ആരംഭിക്കാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. 30 വര്‍ഷത്തോളം പഴക്കമുള്ള മേല്‍പാലം പൊളിച്ചുമാറ്റിയതോടെ റെയില്‍വേ സ്റ്റേഷനിലേക്കും, പഴ സ്റ്റാന്റിലേക്കുമുള്ള എളുപ്പ വഴിയാണ് അടഞ്ഞത്.

വിദഗ്ധ പരിശോധനയില്‍ പാലത്തിന് കാലപ്പഴക്കത്തെ തുടര്‍ന്ന് ബലക്ഷയം ഉള്ളതായി കണ്ടെത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പാലം ഉപയോഗിക്കാനാവില്ലെന്നും റെയില്‍വേ എന്‍ജിനിയര്‍മാര്‍ കണ്ടെത്തി. സ്ലാബുകള്‍ ദ്രവിച്ച നിലയിലായിരുന്നു. ഇതോടെയാണ് പാലം പൊളിച്ചു നീക്കി പകരം പുതിയത് നിര്‍മിക്കാന്‍ തീരുമാനിച്ചത്. നടപ്പാലം പൊളിച്ചുമാറ്റിയതോടെ കാല്‍നട യാത്രക്കാരടക്കം ദുരിതത്തിലായി. ഇതുമൂലം പഴയ ബസ്റ്റാന്റില്‍ ആളില്ലാത്ത അവസ്ഥയിലാണ്. ഇവിടെയുള്ള ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തിന് വലിയ ദുതിമാണ് ഇതുവഴി ഉണ്ടായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും മുനീശ്വരന്‍ കോവില്‍ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ഏറെ കറങ്ങിവേണം ലക്ഷ്യ സ്ഥാനത്തെത്താന്‍. വിദ്യാര്‍ഥികളും തൊഴിലാളികളും അടക്കം നിരവധി പേരാണ് നടപ്പാലം ഉപയോഗിച്ചിരുന്നത്. നടപ്പാലം പൊളിച്ചുമാറ്റിയതോടെ വിദ്യാര്‍ഥികളടക്കം ദുരിതത്തിലായതോടെയാണ് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ ഡിസിസി പ്രസഡന്റ് മാര്‍ട്ടി ജോര്‍ജ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, എം.കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Top News from last week.

Latest News

More from this section