മഴപ്പാട്ടുകൾ മനസിൽ പെയ്തിറങ്ങി…നവ്യാനുഭവമായി ‘വർഷ രാഗം’

കണ്ണൂർ: കണ്ണൂർ മിറർ സർഗ്ഗ വേദിയുടെ വർഷരാഗം പരിപാടി മഴപ്പാട്ടുകളുടെയും മഴ കവിതകളുടെയും ആലാപന പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി പ്രശസ്ത ഗായകൻ കണ്ണൂർ ഷാഫി ഉദ്ഘാടനം ചെയ്തു.

ചന്നം പിന്നം പെയ്ത നനഞ്ഞ സായാഹ്‌നത്തിൽ മഴയുടെ ഭാവപ്പകർച്ചകൾ മനസിൽ പെയ്തിറങ്ങിയപ്പോൾ തിങ്ങിനിറങ്ങി സദസിന് ‘വർഷ രാഗം’ ഗൃഹാതുരത്വത്തിൻ്റെ കുളിർമഴയായി.കണ്ണൂർ മിറർ സർഗവേദി സംഘടിപ്പിച്ച പരിപാടി മഴപ്പാട്ടുകളുടെയും മഴക്കവിതകളുടെയും സംഗമവേദിയായി. മഴ എന്നത് കവികൾക്കും ഗായകർക്കും കേവലം കാലാവസ്ഥാ വ്യതിയാനം മാത്രമല്ലെന്നും അനുഭൂതി നിറയ്ക്കുന്ന അവാച്യമായ സർഗ ക്രിയയാണെന്നും ഉദ്ഘാടകനായ ഗായകൻ കണ്ണൂർ ഷാഫി പറഞ്ഞു. എന്നെ പോലൊരു കലാകാരനെ ഇത്തരമൊരു വേദിയിലേക്ക് ക്ഷണിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന് മാറ്റ് കൂട്ടാനായി അദ്ദേഹം പ്രിയപ്പെട്ട ഏതാനും വരികൾ ആലാപനം ചെയ്തു . കഴിഞ്ഞ ജൂലൈയിൽ തനിക്കുണ്ടായ അപകടത്തെയും കാലിനേറ്റ പരിക്കിനെയും അദ്ദേഹം ഓർമ്മിച്ചു. പ്രതിസന്ധികൾക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി വീണ്ടും സദസ്സുകൾക്ക് മുന്നിലെത്താൻ സാധിച്ചതിലുള്ള കൃതാർത്ഥതയും അദ്ദേഹം പങ്കുവെച്ചു.
ചടങ്ങിൽ കണ്ണൂർ മിറർ സർഗ്ഗവേദി സെക്രട്ടറി ജമാൽ സിറ്റി സ്വാഗതം പറഞ്ഞു. രക്ഷാധികാരി എം.ടി. പ്രകാശൻ അധ്യക്ഷത വഹിച്ചു. സർഗ്ഗവേദി പ്രസിഡന്റ് ഡോ. ടി.ശശിധരൻ കണ്ണൂർ ഷാഫിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജോയിന്റ് സെക്രട്ടറി സാബിറ പി.പി. നന്ദി പറഞ്ഞു.

കണ്ണൂർ മിറർ മാനേജിങ് എഡിറ്റർ ടി മിലേഷ് കുമാർ,സർഗവേദി രക്ഷാധികാരികളായ വി കെ ദിവാകരൻ മാസ്റ്റർ, ശശീന്ദ്രൻ കെ സി ചാല, വൈസ് പ്രസിഡണ്ട് മൻമോഹൻ,തുടങ്ങിയവർ സംസാരിച്ചു. ജോയിൻ സെക്രട്ടറി വിനീത് ആയാടത്തിൽ പരിപാടി നിയന്ത്രിച്ചു.ടി.കെ. ഡി മുഴപ്പിലങ്ങാട്, ടി.വിജയൻ നമ്പ്യാർ, വസന്ത നമ്പ്യാർ കൂടാളി, കാരായി ദിവാകരൻ,പി.എസ് അബ്ദുൽ ജലീൽ, സുരേഷ് ബാബു, ജിഗീഷു കുന്നത്ത്‌, പ്രശാന്ത് കുമാർ വാരം, പി വി സാബിറ, വിനീത് ആയാടത്തിൽ, കെ വല്ലി ടീച്ചർ, നൗഷാദ് കണ്ണൂർ സിറ്റി, റംഷി പട്ടുവം തുടങ്ങി നിരവധി വ്യക്തിത്വങ്ങളും സന്നിഹിതരായി.തുടർന്ന് നടന്ന ഗാനസന്ധ്യയിൽ നിരവധി കലാകാരന്മാർ മഴപ്പാട്ടുകളും മഴക്കവിതകളും ആലപിച്ചു.

Top News from last week.