പുസ്തക പരിചയം – വിജയന്‍ നമ്പ്യാര്‍
മാനവ ചരിത്രത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ നോക്കുമ്പോള്‍ മനുഷ്യന്‍ എങ്ങോട്ടൊക്കെയോ യാത്ര ചെയ്ത നിരവധി സംഭവങ്ങള്‍ കാണാം.
ദൂരങ്ങള്‍ക്കും, കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും വേണ്ടി കോഴിക്കോട് എന്ന കടലോര പട്ടണത്തില്‍ നിന്നും ആഫ്രിക്കയിലേക്ക് കപ്പല്‍ കയറിയ ഒരു ചെറുപ്പക്കാരനുണ്ട്. എസ്.കെ. പൊറ്റക്കാട്. എസ്.കെ യുടെ വിലാപം പിന്നെ നമ്മള്‍ കണ്ടത് ഒരു ദേശത്തിന്‍റെ കഥ എന്ന എക്കാലത്തെയും മികച്ച യാത്രാ ഗ്രന്ഥമായിരുന്നു. പിന്നീട് തപോവന സ്വാമികളും രാജന്‍ കാക്കനാടനും മലയാള സഞ്ചാര സാഹിത്യ ശാഖക്ക് നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. ആത്മീയ ചരിത്രത്തിന്‍റെ ഏറെ പ്രാധാന്യമുള്ള മാനവ സംഗമമായ കുംഭമേളയിലേക്ക് സ്വത്വത്തെ തേടിയുള്ള രാജന്‍ അഴീക്കോടന്‍റെ യാത്രാ വിവരണം…… നിര്‍വ്വചനങ്ങള്‍ക്ക് അപ്പുറമായിരുന്നു. സ്വയം വിശദീകരിക്കുവാനാവാത്ത ഈ യാത്രയുടെ ആന്തരിക പ്രചോദനങ്ങള്‍, അതിന്‍റെ പ്രകാശമാണ് ജ്ഞാന്‍വ്യാപിയിലൂടെ രാജന്‍ അന്വര്‍ത്ഥമാക്കിയത്. യാദൃശ്ചികതയില്‍ തൊട്ടുരസി, ആശ്ചര്യത്തിന്‍റെ ഒരു ലോകത്തേക്ക് ഒരു ചലച്ചിത്രം കാണുന്നത് പോലെ നമ്മളെ കൊണ്ടുപോകുകയാണ്, ഈ യാത്രാവിവരണം.
പൗരാണികമായ ചൈതന്യം നിറഞ്ഞതും, ആത്മീയ വെളിച്ചം നിറഞ്ഞ സ്ഥലരാശികളും, സന്ദര്‍ഭങ്ങളും ഇതിലൂടെ കടന്നുപോകുന്നു. നമ്മുടെ പൂര്‍വ്വസൂരികള്‍ അനുഭവിച്ച ധര്‍മ്മസങ്കടങ്ങളുടെ കണ്ണീര്‍വഴികളും നിസ്സഹായതയുടെ നിശബ്ദ മര്‍മ്മരങ്ങളും ഇതിലുണ്ട്. ജീവിത യാഥാര്‍ത്ഥ്യത്തിന്‍റെ രണ്ട് അറ്റങ്ങള്‍ ഇവിടെ കാട്ടിത്തരുന്നു.
ഭാരതം എന്ന മഹാവിസ്മയം !! അതിലൂടെ മഹാപുണ്യനദികളുടെ പുണ്യ ചൈതന്യവും ഈ രചനകളില്‍ എടുത്തുകാട്ടുന്നു.
വായിച്ചു തുടങ്ങിയാല്‍ തീരുന്നത് വരെ ഒരു ഒഴുക്കാണ്. ഈ വായനയുടെ അനുഭവം പറയുന്നത് ഓരോ അദ്ധ്യായവും അവസാനിക്കുന്നത് അടുത്ത അദ്ധ്യായം വായിക്കാനുള്ള ത്വര സൃഷ്ടിച്ചുകൊണ്ടാണ്. ശുദ്ധസാഹിത്യത്തിന് എപ്പോഴും വായനക്കാരുണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തിയ യാത്രാ വിവരണങ്ങളുടെ സാഹിത്യശാഖയിലേക്കാണ് ജ്ഞാന്‍വാപി യും കടന്നിട്ടുള്ളത്. ഇത് വായിച്ചുതുടങ്ങുമ്പോള്‍ ഇതിലെ ഓരോ സന്ദര്‍ഭവും നാം കാണുകയാണ് ചെയ്യുന്നത്. അത് എഴുത്തുകാരന്‍റെ കൈയ്യൊതുക്കത്തിന്‍റെ മികവാണ്. ഒറ്റയിരിപ്പിന് നാമിതു വായിച്ചു തീര്‍ക്കും. എങ്ങിനെ നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളും പുണ്യക്ഷേത്രങ്ങളും നശിക്കപ്പെട്ടു.. എങ്ങനെ പുനര്‍നിര്‍മ്മിച്ചു… തുടങ്ങിയ ഗതിവിഗതികളുടെ നേര്‍ക്കാഴ്ച ഈ കൃതിയുടെ വായനയിലൂടെ അനുഭവസാധ്യമാകുന്നു. ആത്മീയ ചൈതന്യത്തിന്‍റെ അനുഗ്രഹവര്‍ഷവുമായി നില്‍ക്കുന്ന കാശിയും പ്രയാഗും, ഓരോ ജീവാത്മാവിനെയും മാടിവിളിച്ചുകൊണ്ടേയിരിക്കുന്നു. ആ പുണ്യഭൂമിയില്‍ എത്താനും, ആ മണ്ണില്‍ വിലയം പ്രാപിക്കാനുമുള്ള അദമ്യമായ അഭിവാഞ്ജ അനുഭവപ്പെടുന്നു എന്നതാണ് ഈ വായനയുടെ ഏറെ മേന്മ. യാത്രാവിവരണം ആണെങ്കില്‍ കൂടി, ഒരു കഥയുടെ ശില്പഭംഗിയും, ചാരുതയും ഈ കൃതിക്കുണ്ട്. വായന ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന ഹൃദ്യമായ ശൈലിയെ എടുത്തു പറഞ്ഞാലും മതിയാകില്ല.
യാത്രക്കിടയില്‍ ലഭിച്ച സുഹൃത്തുക്കള്‍ ആത്മാവിന്‍റെ ഭാഗമായിത്തീര്‍ന്നത് വിധി നിശ്ചയം! സമാന ഹൃദയത്വമാണ് സൗഹൃദത്തിന്‍റെ ലക്ഷണം. അപ്പോള്‍ മാത്രമാണ് സുഹൃത്ത് നിധിയാകുന്നത്. കര്‍ണ്ണസ്വാമിയും, നിര്‍മ്മലും … സുഹൃത്തുക്കള്‍ എന്ന നിലയില്‍ നമ്മെയും സ്വാധീനിക്കുന്നു. എല്ലാ മൃതിയും മൃതിയല്ല ലയമാണ് എന്ന തിരിച്ചറിവാണ് ജീവിത സാക്ഷാത്കാരം. ആ സാക്ഷാത്കാരത്തിലേക്ക് നയിക്കാന്‍ അഘോരികളുടെ ജീവിതചിത്രം രചയിതാവ് എഴുതികാണിക്കുന്നു. അത് ഈ കൃതിയുടെ ആത്മാവിലേക്ക് നമ്മെ നയിക്കുന്നു.
മനുഷ്യനും, ജീവിതവും ജീവിതത്തിലെ കണക്കുകൂട്ടലുകളെല്ലാം വെറുതെ… ആത്യന്തികമായ ഒരു നിശ്ചയമുണ്ട്. അതുമാത്രമാണ് പ്രപഞ്ചത്തെ മുന്നോട്ടു നയിക്കുന്നത്. സത്യം തേടി ഉയര്‍ന്നുപോകുമ്പോഴും, മായയുടെ പിടിയില്‍പ്പെട്ട് തളര്‍ന്നുവീഴുന്ന അവസ്ഥ അനുഭവിക്കുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ അതറിയുന്നത്, രാജന്‍ അഴീക്കോടിന്‍റെ ഈ രചനകള്‍ അത് ഓര്‍മ്മിപ്പിക്കുന്നു.
ആത്മീയതയും, ഭൗതികതയും, മതവും, രാഷ്ട്രവും, പ്രകൃതിയും, പ്രപഞ്ചവും വിശ്വാസിയും, അവിശ്വാസിയും ചരിത്ര സത്യങ്ങളും, എല്ലാം ചേര്‍ന്ന ഒരു മോചനശാസ്ത്രമായി ഈ കൃതി വായനയുടെ ലോകത്ത് രാജന്‍ അഴീക്കോടന്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ചരിത്ര വര്‍ണ്ണനയില്‍ താന്‍ കൃതഹസ്തരാണെന്ന് എഴുത്തുകാരന്‍ ബോധ്യപ്പെടുത്തുന്നു. വായനക്കാരന്‍റെ മനസ്സിന്, വികാരങ്ങള്‍ക്ക്, ചിന്തകള്‍ക്ക്, ഉദാത്തത നല്‍കുന്നു എന്നതാണ് ഈ കൃതിയുടെ ആത്മാവ്.
ടി. വിജയന്‍ നമ്പ്യാര്‍
Mob: 9916394218










